Connect with us

Ongoing News

മർകസ് പ്രതിനിധി സംഘം ദക്ഷിൺ ദിനാജ്പൂർ കളക്ടറെ സന്ദർശിച്ചു

ത്വയ്ബ ഗാർഡനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിൽ നിന്ന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രതിനിധി സംഘം കളക്ടർക്ക് നിവേദനം സമർപ്പിച്ചു

Published

|

Last Updated

മാജിഖണ്ഡ (പശ്ചിമ ബംഗാൾ)| കാരന്തൂർ മർകസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സഫർ 25’ ഈസ്റ്റ് ഇന്ത്യാ പര്യടന സംഘം പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. മർകസിന് കീഴിൽ കഴിഞ്ഞ 13 വർഷമായി പശ്ചിമ ബംഗാളിൽ പ്രവർത്തിച്ചുവരുന്ന ത്വയ്ബ ഗാർഡനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിൽ നിന്ന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രതിനിധി സംഘം കളക്ടർക്ക് നിവേദനം സമർപ്പിച്ചു. നിവേദനം സ്വീകരിച്ച കളക്ടർ, മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഫോണിൽ വിളിച്ച് സംസാരിച്ചു. മർകസിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ത്വയ്ബ ഗാർഡൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ കാന്തപുരം ഉസ്താദിനെ നേരിൽ സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.

2012 ബാച്ച് പശ്ചിമ ബംഗാൾ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബിജിൻ കൃഷ്ണ, തൻ്റെ പ്രഥമ കളക്ടർ നിയമനമായി ദക്ഷിൺ ദിനാജ്പൂരിൽ ചുമതലയേറ്റിട്ട് മൂന്ന് വർഷം പൂർത്തിയാവുകയാണ്. കോഴിക്കോട് പേരാമ്പ്ര കീപ്പയൂർ സ്വദേശിയായ ബാലകൃഷ്ണൻ തണ്ടാത്തിന്റെയും ഗീത കേളൂരിന്റെയും മകനാണ്. സഫർ 25 പര്യടനത്തിൻ്റെ ഭാഗമായി ചരിത്രമുറങ്ങുന്ന മമ്പുറത്ത് നിന്നാണ് സംഘം യാത്ര ആരംഭിച്ചത്. ഈ മാസം 10-ന് പുറപ്പെട്ട സംഘം തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സന്ദർശനം പൂർത്തിയാക്കി നിലവിൽ ജാർഖണ്ഡിൽ പര്യടനം തുടരുകയാണ്. 20 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ബിഹാർ, നേപ്പാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പര്യടനത്തിനും അജ്മീർ സന്ദർശനത്തിനും ശേഷം നാട്ടിൽ തിരിച്ചെത്തും. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ മർകസ് സ്ഥാപനങ്ങളുടെ പ്രവർത്തനം അടുത്തറിയുകയും അവിടുത്തെ പ്രവർത്തകർക്ക് പ്രചോദനം നൽകുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

 

 

Latest