International
അക്കൗണ്ടുകൾ തുർച്ചയായി സസ്പെൻഡ് ചെയ്യുന്നു; മെറ്റക്ക് എതിരെ കേസ് ഫയൽ ചെയ്ത് മാർക്ക് സക്കർബർഗ്!
കഴിഞ്ഞ എട്ട് വർഷത്തിനിടെ അദ്ദേഹത്തിന്റെ നിയമ സേവനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് പേജ് അഞ്ച് തവണയാണ് കമ്പനി പ്രവർത്തനരഹിതമാക്കിയത്.

ഇൻഡ്യാന | ആഗോള സോഷ്യൽ മീഡിയ ഭീമൻ മെറ്റക്ക് ഇതിലും വലിയൊരു തലവേദന ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. ഫേസ്ബുക്കിലെ തന്റെ അക്കൗണ്ടുകൾ തുടർച്ചയായി സസ്പെൻഡ് ചെയ്യുന്നു എന്ന് ആരോപിച്ച് മെറ്റക്ക് എതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് മാർക്ക് സക്കർബർഗ്. ആശ്ചര്യപ്പെടാൻ വരട്ടെ, ചെറിയൊരു ട്വിസ്റ്റുണ്ട്. മെറ്റയുടെ ഉടമയായ യഥാർഥ സക്കർബർഗല്ല ഈ സക്കർബർഗ്. ഇൻഡ്യാനയിൽ നിന്നുള്ള പാപ്പരത്ത നിയമജ്ഞനാണ് കക്ഷി. മാർക്ക് സക്കർബർഗിന്റെ അതേ പേരുള്ള ഇയാളുടെ ഫേസ്ബുക്ക് പേജുകൾ മെറ്റ വ്യാജനെന്ന് മുദ്ര കുത്തുന്നതാണ് പ്രശ്നം.
ടെക്ക് ക്രഞ്ച് റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക് നിലവിൽ വരുന്നതിന് വളരെ മുമ്പ് മുതൽ നിയമ പരിശീലനം നടത്തുന്ന ഈ അഭിഭാഷകന്റെ വ്യക്തിപരവും ബിസിനസ്സ് അക്കൗണ്ടുകളും മെറ്റയുടെ ഓട്ടോമേറ്റഡ് മോഡറേഷൻ സിസ്റ്റം വ്യാജമായി ഫ്ലാഗ് ചെയ്യുകയായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ അദ്ദേഹത്തിന്റെ നിയമ സേവനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് പേജ് അഞ്ച് തവണയാണ് കമ്പനി പ്രവർത്തനരഹിതമാക്കിയത്.
2020-ൽ മെറ്റയ്ക്ക് അയച്ച ഒരു ഇമെയിലിൽ, അഭിഭാഷകൻ തമാശരൂപേണ തന്റെ നിരാശ ഇങ്ങനെ പങ്കുവെച്ചു: “നിങ്ങൾ യുവാവും, ധനികനുമായ മാർക്ക് സക്കർബർഗിനെ കാണുകയാണെങ്കിൽ ഞാൻ അന്വേഷണം പറഞ്ഞെന്ന് പറയുക, ഓരോ ദിവസവും അയാൾ എനിക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്”.
പേജ് പ്രവർത്തനരഹിതമാക്കിയത് കാരണം ഏകദേശം 11,000 ഡോളർ (ഏകദേശം 9.17 ലക്ഷം രൂപ) പരസ്യങ്ങൾ നഷ്ടമായെന്ന് സക്കർബർഗ് പറയുന്നു. ഒരു ബിൽബോർഡ് വാങ്ങി ഹൈവേയുടെ അരികിൽ സ്ഥാപിച്ച ശേഷം അത് ആരും കാണുന്നതിന് മുൻപ് മറച്ചുവെക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിയൽ രേഖകളും ക്രെഡിറ്റ് കാർഡുകളും ഉൾപ്പെടെ നിരവധി തെളിവുകൾ നൽകിയിട്ടും അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നത് തുടർന്നു. ഈ വർഷം മേയിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ അവസാനമായി സസ്പെൻഡ് ചെയ്തത്. മരിയോൺ സുപ്പീരിയർ കോടതിയിൽ മെറ്റയ്ക്ക് എതിരെ അശ്രദ്ധ, കരാർ ലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് കേസ് ഫയൽ ചെയ്ത ശേഷമാണ് വിലക്ക് നീക്കിയത്.
അക്കൗണ്ട് ഡിസേബിൾ ചെയ്തത് ഒരു പിശക് കാരണം സംഭവിച്ചതാണെന്ന് മെറ്റ സമ്മതിച്ചു. അക്കൗണ്ട് തിരികെ നൽകിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കമ്പനി അറിയിച്ചു.