Connect with us

Kerala

കോൽക്കളിക്കോലുകളുടെ നിർമാണം; അശ്റഫാണ് താരം

സംസ്ഥാനത്ത് കോൽക്കളി കോലുകൾ നിർമിക്കുന്ന അപൂർവം പേരിൽ ഒരാളാണ് തിരൂർ കൂട്ടായി സ്വദേശി അഷ്‌റഫ്.

Published

|

Last Updated

കോഴിക്കോട് | ഇശലുകൾക്കൊപ്പം നൃത്തമാടുന്ന കോൽക്കളിക്കോലുകളുടെ നിർമാണം പതിവാക്കിയ തിരൂർ സ്വദേശി അശ്‌റഫ് ഒരു വർഷം വിറ്റഴിക്കുന്നത് നാലായിരത്തോളം കോലുകൾ. സംസ്ഥാനത്ത് കോൽക്കളി കോലുകൾ നിർമിക്കുന്ന അപൂർവം പേരിൽ ഒരാളാണ് തിരൂർ കൂട്ടായി സ്വദേശി അഷ്‌റഫ്.

മുട്ടിന് ചേല് വേണമെങ്കിൽ പനത്തടി കൊണ്ട് തന്നെ നിർമിക്കണം. പുതിയ കാലത്ത് പനത്തടി കിട്ടാനില്ല. നിർമാണത്തിന് അടുക്കും ചിട്ടയും അളവുമുണ്ട്. 35 ഇഞ്ചിൽ മുറിച്ച് പന പൊളിക്കും. പിന്നീട് രണ്ടായി ഭാഗിച്ച് 17 ഇഞ്ച് നീളത്തിലെടുക്കും. ഒരു പന മുറിച്ചാൽ കറുപ്പ്, വെളുപ്പ് നിറത്തിലാണ് തടി കിട്ടുക. നല്ല ശബ്ദം ലഭിക്കണമെങ്കിൽ കറുപ്പ് വേണം. കലോത്സവ വേദികളിൽ ഇവയാണ് മുഖ്യം. ഒരു ജോഡി കോലുകൾക്ക് 250 രൂപ വില വരും. ഒരു പനത്തടിയിൽ നിന്ന് 480 കോൽ കിട്ടുമെന്നാണ് അശ്‌റഫിന്റെ കണക്ക്.

മികച്ച കോൽക്കളി പരിശീലകൻ കൂടിയാണ്. ഗേർവ താളത്തിനനുസരിച്ചാണ് കളി. തലശ്ശേരി അറയ്ക്കലിൽ നിന്ന് കളി പരിശീലിച്ച ഐസ് മുഹമ്മദാണ് ഗുരുനാഥൻ. 30 വർഷം മുമ്പാണ് കോൽക്കളി മത്സരം ആദ്യമായി കലോത്സവത്തിൽ ഒരു ഇനമായത്. അന്ന് മുഹമ്മദ് അശ്‌റഫ് പരിശീലിപ്പിച്ച കുന്നംകുളം ബഥനിയ്യ സ്‌കൂൾ ടീമിനായിരുന്നു രണ്ടാം സ്ഥാനം.
കോഴിക്കോട് ഫ്രാൻസിസ് റോഡ് മണന്തലപ്പാലത്തായിരുന്നു വീട്. പിന്നീട് തിരൂരിലേക്ക് താമസം മാറ്റി.