Connect with us

Kerala

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

Published

|

Last Updated

കൊച്ചി| മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് പോലീസിന് മുമ്പാകെ ഹാജരാകും. മരട് പോലീസ് സ്റ്റേഷനില്‍ ആണ് ഹാജരാകുക. സൗബിന്‍ ഷാഹിര്‍, സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ഹാജരാകുക. ഇന്നും ആവശ്യമെങ്കില്‍ നാളെയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് ഹൈക്കോടതി നിര്‍ദേശം.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് പോലീസ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന്‍ അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു.

തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പരാതിക്കാരനില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളാണ് സൗബിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പരാതി നല്‍കിയത്.

 

Latest