Connect with us

National

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സഹ സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷമായ സി പി എം എം എല്‍ എമാര്‍ പരിപാടി ബഹിഷ്‌കരിച്ചു

Published

|

Last Updated

അഗര്‍ത്തല | ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് മാണിക് സഹ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ എം പിയായ സഹക്ക് ഗവര്‍ണര്‍ എസ് എന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

എം എല്‍ എമാരും മന്ത്രിമാരും കേന്ദ്രമന്ത്രി പ്രതിമ ഭൂമികും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയുമായി മുന്നോട്ട് പോകുമെന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ക്രമസമധാന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സഹ പറഞ്ഞു.

അതേസമയം, ബി ജെ പിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് ഫാസിസ്റ്റ് രീതിയിലുള്ള അക്രമണങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷമായ സി പി എം എം എല്‍ എമാര്‍ പരിപാടി ബഹിഷ്‌കരിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ബി ജെ പി തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്ന് സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. 2016ലാണ് സഹ ബി ജെ പിയില്‍ ചേരുന്നത്. 2020ല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു.

അതേസമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ എംഎല്‍എമാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ കൈയാംകളിയും ഉണ്ടായി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം. മന്ത്രി രാംപ്രസാദ് പോള്‍ കസേര എടുത്ത് നിലത്തടിച്ചു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോള്‍. പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന് എംഎല്‍എമാര്‍ ആരോപിച്ചു.