Connect with us

Kerala

മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യു ഡി എഫ് വേദിയില്‍

Published

|

Last Updated

കോട്ടയം | കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യു ഡി എഫ് വേദിയില്‍. സില്‍വല്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസ്സിലാണ് ഇരുവരും പങ്കെടുത്തത്. സതീശന്‍ എത്തിയതോടെ, തനിക്ക് തിടുക്കമുണ്ടെന്ന് പറഞ്ഞ് മാണി സി കാപ്പന്‍ വേദി വിട്ടു. സതീശന്‍ ഷാളണിയിച്ച ശേഷമായിരുന്നു മടക്കം. അസംതൃപ്തി അവസാനിച്ചുവെന്നും ഇപ്പോള്‍ സംതൃപ്തി മാത്രമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മാണി സി കാപ്പന്‍ പറഞ്ഞു.

യു ഡി എഫ് വേദികളില്‍ താന്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് നേരത്തെ മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു. മുന്നണി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ ആരോപണം. ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാപ്പന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മാണി സി കാപ്പന്‍ അങ്ങനെ ഒരു പരാതി മുന്നണിയില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. ‘ഞാനാണ് യു ഡി എഫ് ചെയര്‍മാന്‍. എല്‍ ഡി എഫിന്റെതു പോലെയല്ല യു ഡി എഫിന്റെ പ്രവര്‍ത്തനം. യു ഡി എഫിന്റെ രീതി വേറെയാണ്. മാണി സി കാപ്പന് ഇത് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാം.’ – സതീശന്‍ പറഞ്ഞു.

പരാതി തന്നോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ യു ഡി എഫ് കണ്‍വീനറോട് പറയണം. പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്, അദ്ദേഹത്തെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് പരിപാടികള്‍ അറിയിക്കാതിരുന്നത്. എല്ലാ നേതാക്കന്മാരേയും ഒരുപോലെയാണ് വിളിക്കുന്നത്. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല കോണ്‍ഗ്രസ് പെരുമാറുന്നതെന്നും സതീശന്‍ പറയുകയുണ്ടായി.