Connect with us

Kerala

മാമ്പഴക്കാലം വൈകും: ഉത്പാദനം കൂടുമെന്ന് പ്രതീക്ഷ

വിപണിയിൽ തമിഴ്‌നാട് മാങ്ങ

Published

|

Last Updated

കൊച്ചി | മഴയും കനത്ത മഞ്ഞും ഇടവിട്ടുള്ള ചൂടും സൃഷ്ടിച്ച കാലാവസ്ഥാമാറ്റം മൂലം ഇക്കുറിയും സംസ്ഥാനത്തെ മാമ്പഴക്കാലം അൽപ്പം വൈകും. എന്നാൽ, മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി മാങ്ങയുടെ ഉത്പാദനത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

രാജ്യത്താദ്യം വ്യാവസായികാടിസ്ഥാനത്തിൽ മാങ്ങ വിളവെടുക്കുന്ന പാലക്കാട് മുതലമടയിൽ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ മാത്രമേ വിളവെടുപ്പ് കാര്യക്ഷമമായി നടക്കുകയുള്ളൂവെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഡിസംബർ- ജനുവരിയിൽ വിളവെടുപ്പ് തുടങ്ങാറുണ്ട്. ഇക്കുറി നവംബർ, ഡിസംബർ മാസങ്ങളിൽ ഇടവിട്ടുണ്ടായ മഴ മാവ് പൂക്കുന്നതിനെ ബാധിച്ചിരുന്നു. മാവ് പൂത്ത് 90 ദിവസങ്ങൾ കഴിയുമ്പോഴാണ് സാധാരണയായി മാങ്ങ വിളവെടുപ്പിന് പാകകമാകുക.

ആദ്യം ചന്ദ്രക്കാറൻ ഇനത്തിൽ പെട്ട കണ്ണിമാങ്ങയാണ് പറിച്ചെടുക്കുക. പിന്നീട് കറിമാങ്ങയും തൊട്ടുപിറകെയായി മൂപ്പെത്തിയ മാങ്ങയും വിളവെടുക്കും. ഒറ്റപ്പെട്ട ചില തോട്ടങ്ങളിൽ നിന്ന് മാത്രമാണ് നിലവിൽ മാങ്ങ വിളവെടുക്കുന്നത്. അതേസമയം, കാലാവസ്ഥാവ്യതിയാനം വലിയ തോതിൽ ബാധിക്കാത്ത തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അഞ്ചോളം മേഖലകളിൽ നിന്ന് വലിയ തോതിൽ സംസ്ഥാനത്തേക്കും മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കും മാങ്ങ എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് വിപണികളിൽ തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന പച്ച മാങ്ങക്ക് കിലോക്ക് 100ന് മുകളിലാണ് വില.
സംസ്ഥാനത്ത് പ്രാദേശികമായി മാങ്ങ വിപണി ആദ്യം സജീവമാകാറുള്ള തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഇക്കുറി ഉത്പാദനക്കുറവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സേലം കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന മുതലമടയിൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ഇത്തവണ മികച്ച വിളവാണ് ലഭിക്കുകയെന്ന് മുതലമട മാംഗോ വെൽഫയർ അസ്സോസിയേഷൻ ഭാരവാഹി അറുമുഖൻ പറഞ്ഞു.

50,000 മുതൽ 60,000 ടൺ വരെ ഇത്തവണ വിളവെടുക്കാനാകുമെന്നാണ് കരുതുന്നത്. മുതലമടയുടെ മാത്രം പ്രത്യേകതയായ സിന്ദൂരം, അൽഫോൺസ, കിളിമൂക്കൻ, നീലൻ, ബൻഗനപ്പള്ളി മാങ്ങകൾക്ക് ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം വൻ ആവശ്യക്കാരാണുള്ളത്. ഏപ്രിൽ അവസാനം വരെ ഇവിടെ നിന്ന് മാങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിക്കാറുണ്ട്.
അതേസമയം, വടക്കൻ ജില്ലകളിൽ പലയിടത്തും രോഗബാധമൂലം മാവുകളിൽ പൂകൊഴിച്ചൽ വ്യാപകമാണ്. ഇത് നാട്ടുമാങ്ങകളുടെ ഉത്പാദനക്കുറവിനിടയാക്കുമെന്ന് കർഷകർ പറയുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ പുളിയൻ, ചെനയൻ, കാസർകോടൻ, ഗോമാങ്ങ, നാരൻ തുടങ്ങി നാട്ടുപേരിലറിയപ്പെടുന്ന മാങ്ങകളാണ് വിപണിയിലെത്താറുള്ളത്. എന്നാൽ മാമ്പഴത്തിൽ കണ്ണൂരിന്റെ രുചിക്കൂട്ടായ കുറ്റിയാട്ടൂർ മാങ്ങയുടെ ഉത്പാദനം ഇക്കുറി കൂടുമെന്ന പ്രതീക്ഷയും കർഷകർ പങ്കുവെക്കുന്നു.

Latest