Education
മഹ്റജാന്‍: ജാമിഅതുല്‍ ഹിന്ദ് അറിവുത്സവങ്ങള്‍ക്ക് വേദികളുണരുന്നു
ആദ്യഘട്ട മഹ്റജാന്‍ സെപ്തംബറിൽ മുന്നൂറിലധികം അഫിലിയേറ്റഡ് കോളജുകളില്‍

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ നടക്കുന്ന അറിവുത്സവമായ മഹ്റജാനുകള്‍ക്ക് തുടക്കമാകുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ കോളജ് തലത്തിലും ഒക്ടോബര്‍ 10 മുതല്‍ 30 വരെ ദാഇറ തലത്തിലും മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന്, നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ജാമിഅ തല മത്സരവും അരങ്ങേറും. ഈ വര്‍ഷം കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ വെച്ചാണ് ജാമിഅ തല മത്സരം നടക്കുന്നത്.
കേരളത്തിനകത്തും പുറമെ കര്‍ണാടക, തമിഴ്നാട്, ആന്തമാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം അഫിലിയേറ്റഡ് കോളജുകളിലുമാണ് മഹ്റജാന്റെ ആദ്യഘട്ട തുടക്കം. ശേഷം പതിനേഴ് ദാഇറകളിലാണ് മത്സരം നടക്കുക. ദാഇറകളിലെ വിജയികള്‍ ജാമിഅ തലത്തിലും മത്സരിക്കും.
ഇഅ്ദാദിയ്യ (പ്രിപ്പെറാറ്ററി), ഇബ്തിദാഇയ്യ (പ്രൈമറി), മുതവസ്സിത്വത് (ജൂനിയര്‍), ആലിയ (സീനിയര്‍) വിഭാഗങ്ങളിലായാണ് വിദ്യാര്‍ഥികള്‍ മത്സരിക്കുക. നഹ് വ് – സ്വര്‍ഫ് മത്സരങ്ങള്‍, ആദര്‍ശ സംവാദ മത്സരങ്ങള്‍, അറബി, ഉറുദു, ഇംഗ്ലീഷ്, കന്നഡ, തമിഴ്, മലയാളം ഭാഷാ മത്സരങ്ങള്‍, ഗവേഷണ പ്രബന്ധ മത്സരം, പുസ്തക- കിതാബ് രചനാ മത്സരങ്ങള്‍ തുടങ്ങി അറുപതിലധികം മത്സര ഇനങ്ങളുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും പുതിയ കാലത്തെ പ്രബോധന ദൗത്യം ഏറ്റെടുക്കാന്‍ പര്യാപ്തമാക്കുന്നതുമായ മത്സരയിനങ്ങളാണ് മഹ്റജാനില്‍ സംവിധാനിച്ച എല്ലാ മത്സരങ്ങളും. മത്സരങ്ങളുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാന്വല്‍ https://jamiathulhind.com/ എന്ന വെബ്സൈറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്.