Connect with us

Articles

ഉത്തമ സമൂഹ നിര്‍മിതിക്ക് മദ്‌റസകള്‍ തന്നെ വേണം

പുതുതലമുറയില്‍ സാംസ്‌കാരിക - ധാര്‍മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ മദ്‌റസകള്‍ക്ക് കാതലായ പങ്കുണ്ട്. മദ്‌റസകള്‍ ശാന്തി കേന്ദ്രങ്ങളാണ്. സമ്പത്തും ഭൗതിക വിദ്യയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള തലത്തിലേക്ക് മദ്‌റസാ പഠനം ഉയരണം. അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവ കേന്ദ്രങ്ങളായ മദ്‌റസകള്‍ നിലനില്‍ക്കുക തന്നെ വേണം.

Published

|

Last Updated

റമസാന്‍ അവധിക്ക് ശേഷം മദ്‌റസകള്‍ വീണ്ടും തുറക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ അത്യാഹ്ലാദത്തോടെ അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ വരികയാണ്. സമൂഹ നിര്‍മിതിയുടെ കേന്ദ്രത്തിലേക്കുള്ള കുരുന്നുകളുടെ ആദ്യ ചുവടുവെപ്പ്. കുട്ടികളെയും അക്ഷരത്തെയും സ്‌നേഹിക്കുന്നവര്‍ നിര്‍വൃതിയടയുന്ന നിമിഷം.

മദ്‌റസകള്‍ അറിവിന്റെ കേന്ദ്രങ്ങളാണ്. മനുഷ്യത്വം പഠിപ്പിക്കുന്ന ഇടമാണ്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് വിശ്വാസികള്‍ പുലര്‍ത്തേണ്ട നിയമങ്ങള്‍ പഠിപ്പിക്കുന്ന പാഠശാലയാണത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. മതനിരപേക്ഷതയാണ് അതിന്റെ മുഖമുദ്ര. എല്ലാ മതങ്ങളും എല്ലാ ജാതികളും ഉപജാതികളും പരസ്പര സാഹോദര്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്ന ഇടമാണ്. ആ സംസ്‌കാരം ഇവിടെ നിലനില്‍ക്കണം. അതിന് മതിയായ ഗുണങ്ങൾ ഒരു മതവിശ്വാസി ആര്‍ജിക്കേണ്ടത് മദ്‌റസകളില്‍ നിന്നാണ്. അതാണ് മദ്‌റസകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസപരമായ ഔന്നത്യം. മദ്‌റസാ പഠനം രസകരവും ആവേശകരവുമാക്കുന്നതിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നാണ് ഫത്‌ഹേ മുബാറക് അഥവാ മദ്‌റസാ വിദ്യാരംഭം.

അറിവിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കി. അറിവ് ശക്തിയാണ്, വെളിച്ചമാണ്. പ്രതിരോധമാണ്. അറിവിന്റെ ആദ്യാക്ഷരം അലിഫാണ്. അല്ലാഹുവിന്റെ നാമത്തില്‍ വായിക്കാനും എഴുതാനുമുള്ള ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നതാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. അറിവിന്റെ മഹത്വം വലുതാണ്. സത്യവിശ്വാസികളെയും ജ്ഞാനം നല്‍കിയവരെയും അല്ലാഹു പദവികള്‍ നല്‍കി ഉയര്‍ത്തും എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അറിവന്വേഷിച്ച് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്ന് നബി (സ)യും പഠിപ്പിക്കുന്നു.
മദ്‌റസാ വിദ്യാഭ്യാസം എന്നാല്‍ ധാര്‍മിക വിദ്യാഭ്യാസം എന്നു തന്നെയാണ്. ലഹരിയും അശ്ലീലവും നാടുവാഴുന്ന അപകടാവസ്ഥ നാം അനുഭവിക്കുകയാണ്. കുട്ടികള്‍ വളരുന്ന ഇടം നമുക്ക് ആശയല്ല, ആശങ്കയാണ് ഉയര്‍ത്തുന്നത്. ക്ലാസ്സ് റൂമുകളിൽ നടക്കുന്ന പ്രക്രിയകള്‍ മാത്രമല്ല വിദ്യാഭ്യാസം, ഒട്ടേറെ പാഠ്യേതര പ്രവര്‍ത്തനങ്ങളും ചേര്‍ന്നതാണത്. ചൊല്ലിപ്പഠിക്കുന്നത് മാത്രമല്ല അറിവ്. പാശ്ചാത്തല സൃഷ്ടിയും കൂടെയാണത്. മദ്‌റസകളില്‍ അതെല്ലാം നിര്‍വഹിക്കപ്പെടുന്നുണ്ട്.
ഉത്തമ പൗരനെ വാര്‍ത്തെടുക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഗുരുവില്‍ നിന്ന് ഒപ്പിയെടുക്കുന്ന ശീലങ്ങള്‍, ആചാരങ്ങള്‍, കര്‍മരീതികള്‍, വ്യക്തിഗുണങ്ങള്‍ ഇവയാണ് വിദ്യാര്‍ഥിയുടെ മൂലധനം. പാഠങ്ങളും പരീക്ഷയും വിജയവും പരാജയവും ഗ്രേഡും എല്ലാം പ്രത്യക്ഷ നേട്ടങ്ങളാണ്. പഠനവും പരീക്ഷയും കഴിഞ്ഞ് മനസ്സില്‍ വല്ല നന്മയും അവശേഷിക്കുന്നുവെങ്കില്‍ അതാണ് വിദ്യാഭ്യാസം എന്ന് മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.
കുട്ടികള്‍ നന്നാകാനുള്ള വിവരം ലഭിക്കാത്തതല്ല ഇന്നത്തെ പ്രശ്‌നം, പൊതുപരിസരം മലീമസമാണ് എന്നതാണ്. പുതുതലമുറയില്‍ സാംസ്‌കാരിക – ധാര്‍മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ മദ്‌റസകള്‍ക്ക് കാതലായ പങ്കുണ്ട്. മദ്‌റസകള്‍ ശാന്തി കേന്ദ്രങ്ങളാണ്. സമ്പത്തും ഭൗതിക വിദ്യയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള തലത്തിലേക്ക് മദ്‌റസാ പഠനം ഉയരണം. അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവ കേന്ദ്രങ്ങളായ മദ്‌റസകള്‍ നിലനില്‍ക്കുക തന്നെ വേണം.

മൂല്യം എന്നത് വിവിധ തലത്തിലുണ്ട്. വൈയക്തിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാര്‍വ ലൗകിക മൂല്യങ്ങള്‍ എന്നിങ്ങനെ പലവിധമാണത്. ഒരു കുഞ്ഞ് പിറവിയെടുക്കുന്നതു മുതല്‍ മൂല്യങ്ങളുമായുളള ബന്ധം ആരംഭിക്കുകയായി. കുട്ടികളുടെ സ്വഭാവ രൂപവത്കരണം ഈ മൂല്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം മൂല്യബോധവും ധാര്‍മിക പരിരക്ഷയുമാണ്. വ്യക്തിത്വ സംസ്‌കരണവും ധാര്‍മിക ജീവിതവും സ്വായത്തമാക്കാനുള്ള ഏത് അറിവിനും പഠനത്തിനും മൂല്യവിദ്യാഭ്യാസമെന്നു പറയാം.

ലിബറലിസത്തിന്റെ ഭാഗമായി ഓരോ മനുഷ്യനും തോന്നുന്ന കാര്യങ്ങള്‍, അത് യാഥാര്‍ഥ്യമായി അവതരിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത.് കുട്ടികള്‍ ജനിച്ചു കഴിഞ്ഞ് അവര്‍ വളര്‍ന്നു കഴിഞ്ഞതിനു ശേഷം ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് അവരുടെ സ്വാതന്ത്ര്യവും അവകാശവും ആണ് എന്ന വിതണ്ഡ വാദങ്ങളൊക്കെ ഉന്നയിക്കപ്പെടുന്ന സാമൂഹിക പരിസരമുണ്ട്. ഇവിടെ തിന്മയില്‍ നിന്ന് നന്മ വേര്‍തിരിഞ്ഞു നില്‍ക്കുന്ന വിദ്യാഭ്യാസത്തിന് വളരെ പ്രസക്തിയുണ്ട.് അതാണ് മദ്‌റസകള്‍ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസം.
ലോകം നഗര സംസ്‌കാരത്തിലേക്കാണ് നീങ്ങുന്നത്. പരസ്പരം അറിയാനും മൂല്യങ്ങള്‍ പങ്കുവെക്കാനുമുള്ള സാധ്യതകള്‍ നഗര ജീവിതത്തില്‍ കുറവാണ്. ഈ പരസ്പര ബന്ധമില്ലായ്മ സാമൂഹിക ജീവിതത്തെ തകിടം മറിക്കും, പാരസ്പര്യം ഇല്ലാതാക്കും. സുഖലോലുപതയും ധൂര്‍ത്തും ദുര്‍വ്യയവും ആണ് ആധുനിക സമൂഹത്തെ നയിക്കുന്നത്. എന്താണ് ത്യാഗം എന്നല്ല, എന്താണ് ലാഭം എന്നതാണ് പുതുയ സമൂഹത്തിന്റെ ചോദ്യം. മൂല്യച്യുതിയെ ചെറുക്കാന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനേ കഴിയുകയുള്ളൂ.

സമൂഹം എന്നത് വ്യക്തികളുടെ കൂട്ടായ്മയാണ്. സമൂഹവും വ്യക്തിയും വിശുദ്ധിയോടെ നിലനില്‍ക്കണം. സമൂഹം ധര്‍മപാതയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ പുതിയ തലമുറ ആ വഴിക്ക് നീങ്ങുകയുള്ളൂ. മൂല്യവിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ നേടുന്ന വിദ്യാര്‍ഥി മൂല്യങ്ങള്‍ പരീക്ഷിക്കുന്നത് സമൂഹത്തിലാണ്. അവിടെ വിദ്യാര്‍ഥി പരാജയപ്പെടരുത്. കുട്ടികള്‍ക്ക് വളരാനുള്ള നല്ല സാഹചര്യം സൃഷ്ടിക്കേണ്ടത് സമൂഹമാണ്. സമൂഹത്തിന്റെ തെറ്റായ നിലപാടുകള്‍ കുട്ടികളെ ബാധിക്കുന്നു, സ്വാധീനിക്കുന്നു. അതിനാല്‍ മദ്‌റസാ വിദ്യാഭ്യാസം ലഭിച്ചവരും ചിലപ്പോള്‍ അധര്‍മത്തിലേക്ക് പോകാന്‍ ഇടയാകുന്നു. സമൂഹമാണ് അതിന് ഉത്തരവാദികള്‍, മദ്‌റസകളല്ല.

മദ്‌റസ നിര്‍മിച്ചത് സമൂഹമാണ്. സമൂഹത്തിന്റെ ധര്‍മപ്രസരണ കേന്ദ്രമാണത്. അധ്യാപകനാണതിന്റെ നേതാവ്. അതിനാല്‍ മദ്‌റസകളുടെ സാമൂഹിക ബന്ധം വളരെ ശക്തമാണ്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടി നടത്തേണ്ട ഉത്തരവാദിത്വം അധ്യാപകര്‍ക്കാണ്. മദ്‌റസ, അധ്യാപകര്‍, സമൂഹം എന്നീ മൂന്ന് ഘടകങ്ങളാണ് പുതിയ സമൂഹത്തെ സൃഷ്ടിക്കേണ്ടത്.
നവലോക ക്രമത്തില്‍ സമൂഹത്തെ നയിക്കുന്നത് മാധ്യമങ്ങളാണ്. മീഡിയകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ ധാര്‍മികതക്ക് നിരക്കാത്തതാണധികവും. മൂല്യശോഷണത്തിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളുമാണ് മീഡിയകള്‍ കൂടുതലും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ധാര്‍മിക വിദ്യാഭ്യാസം വളരുകയും പുഷ്പിക്കുകയും ചെയ്യണമെങ്കില്‍ ഗൃഹാന്തരീക്ഷം സംശുദ്ധമാകേണ്ടതുണ്ട്. കുടുംബത്തിലെ നായികമാര്‍ ഉമ്മമാരാണ്. പഠനം പരിശീലിക്കുന്ന ഇടമാണ് വീടുകള്‍. വീടുകള്‍ ധാര്‍മികതയില്‍ അധിഷ്ഠിതമാകണം. എങ്കില്‍ മാത്രമേ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴിലാണെന്ന് ഏഴ് വയസ്സുകാരനെ മദ്‌റസകള്‍ പഠിപ്പിക്കുന്നു. മാതൃത്വത്തിനും സ്ത്രീത്വത്തിനും ഇതിലേറെ പ്രാധാന്യം നല്‍കുന്ന ഒരു പ്രസ്താവന മറ്റൊരിടത്ത് നിന്നും ലഭിക്കുകയില്ല. പക്ഷേ സ്വര്‍ഗത്തോളം ഉയര്‍ന്നു നില്‍ക്കുന്ന നിലവാരം ഉമ്മമാര്‍ സ്വായത്തമാക്കണം. നല്ല ഗൃഹാന്തരീക്ഷത്തിന്റെ പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest