Connect with us

Malappuram

നബിദിനത്തെ വരവേല്‍ക്കാനൊരുങ്ങി മഅ്ദിന്‍ അക്കാദമി; സ്നേഹ റാലി ഇന്ന് മലപ്പുറത്ത്

ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകിട്ട് നാലിന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.

Published

|

Last Updated

മലപ്പുറം | 1498-ാം നബിദിനത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി മഅ്ദിന്‍ അക്കാദമി. വിവിധ സുന്നി സംഘടനകളുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന നബിദിന സ്നേഹ റാലി ഇന്ന് മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകിട്ട് നാലിന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും.

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്ളാഗ്-പ്ലക്കാര്‍ഡ് ഡിസ്പ്ലേ തുടങ്ങി വിവിധ കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. മഅ്ദിന്‍ ഹിഫ്ള് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മെഗാ ദഫ് പ്രധാന ആകര്‍ഷണമാകും.

മഅ്ദിന്‍ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രത്യേക ബാനറില്‍ അണിനിരക്കും. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വളണ്ടിയര്‍മാരുടെ സേവനവുമുണ്ടാവും.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംഘടനാ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ മൗലിദ് പാരായണവും പ്രാര്‍ഥനാ സംഗമവും നടക്കും. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്കും വിവിധ ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്കും ഭക്ഷണ വിതരണം നടത്തും. വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മധുര പലഹാര വിതരണവും സംഘടിപ്പിക്കും.

 

Latest