Kerala
മഅ്ദിന്‍ അക്കാദമിയുടെയും സുന്നിസംഘടനകളുടെയും നബിദിന സ്നേഹ റാലി വ്യാഴാഴ്ച
മലപ്പുറത്ത് ആയിരക്കണക്കിന് പ്രവാചക പ്രേമികള്‍ അണിനിരക്കും

മഅദിന്‍ നബിദിന സ്‌നേഹ റാലിയുടെ പ്രചാരണാര്‍ഥം നടന്ന വിളംബര യാത്ര സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഫ്ളാഗ് ഓഫ് ചെയ്യുന്നു
മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നബിദിന സന്ദേശ റാലി വ്യഴാഴ്ച മലപ്പുറത്ത് നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം നാലിന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും. പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്ളവര്‍ ഷോ, ഫ്ളാഗ്-പ്ലക്കാര്‍ഡ് ഡിസ്പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും.
കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും മഅദിന്‍ അക്കാദമി വിദ്യാര്‍ഥികളും റാലിയില്‍ അണിനിരക്കും. സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മൂച്ചിക്കല്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി കല്ലറക്കല്‍, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അലവി സഖാഫി കൊളത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി എം മുസ്ഥഫ കോഡൂര്‍, സി പി സൈതലവി ചെങ്ങര, അലി ബാഖവി ആറ്റുപുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മതുള്ള സഖാഫി എളമരം, സെക്രട്ടറിമാരായ പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, സി കെ ശക്കീര്‍ അരിമ്പ്ര, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി കെ എം ശാഫി സഖാഫി, അനസ് കരിപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റാലിയുടെ പ്രചാരണാര്‍ഥം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിളംബര യാത്ര നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഫ്ളാഗ് ഓഫ് ചെയ്തു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടും വെള്ളിയാഴ്ച രാവും ഒരുമിക്കുന്ന സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നു മുതല്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഗ്രാന്‍ഡ് മൗലിദ് സദസ്സും പ്രാര്‍ഥനാ സംഗമവും നടക്കും. 500 സാദാത്തുക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.