Connect with us

Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; താഴെത്തട്ടില്‍ നിലമൊരുക്കാന്‍ സി പി ഐ

മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

Published

|

Last Updated

കൊച്ചി | അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി താഴെത്തട്ട് മുതല്‍ നിലമൊരുക്കാന്‍ സി പി ഐ. ഇതിന്റെ ഭാഗമായി് സംസ്ഥാനത്തെ പാര്‍ലിമെന്റ് മണ്ഡലം പരിധികളില്‍ വിവിധ തലത്തിലുള്ള കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഏല്‍പ്പിച്ചു.

ഓരോ നിയമസഭാ മണ്ഡല പരിധിയിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന നേതാക്കള്‍ വഴിയാണ് നടത്തുക. സി പി ഐ മത്സരിക്കുന്ന നാലിടങ്ങളില്‍ പലയിടത്തും താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ വരെ രൂപവത്കരിക്കപ്പെട്ടു കഴിഞ്ഞു. രണ്ട് മാസത്തിനകം സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഘടങ്ങളുടെ രൂപവത്കരണം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ അനുയോജ്യരായ സ്ഥാനാർഥികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും സി പി ഐ തുടങ്ങിക്കഴിഞ്ഞു.

കൈവശമുള്ള നാലുമണ്ഡലങ്ങളിലും ഒരു വിവാദത്തിനുമിടനല്‍കാതെ ജനകീയരും തലയെടുപ്പുമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി ഇക്കുറി നേരത്തേ തന്നെ നടപടിയുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ സജീവമാക്കാനും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രദ്ധേയ മണ്ഡലമായ തിരുവനന്തപുരത്ത് നേതൃനിരയില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന സമ്മര്‍ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സി പി ഐക്ക് വിജയ പ്രതീക്ഷയുള്ള തൃശൂരില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ പോലുള്ളവരെ പുതിയ സാഹചര്യത്തില്‍ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മാവേലിക്കരയിലും വയനാട്ടിലും ഇക്കുറിയും മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുണ്ടാകും.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിന്റെ അവസ്ഥയടക്കം എല്ലാ തരത്തിലും തിരഞ്ഞെടുപ്പിലുണ്ടാകാനിടയുള്ള അടിയൊഴുക്കുകള്‍ വിശദമായും സമഗ്രമായും പരിശോധിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

Latest