Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
തിങ്കളാഴ്ചയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.
തിരുവനന്തപുരം| തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഈ സമയം സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാം.സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കും.
ഒന്നര ലക്ഷത്തിലധികം നാമനിര്‍ദേശപത്രികയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലായി കഴിഞ്ഞദിവസം സമര്‍പ്പിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത്. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് കുറവ് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്.

