Connect with us

governor

പരിധിയും പരിമിതിയും

ഗവര്‍ണര്‍- സംസ്ഥാന സര്‍ക്കാര്‍ സംഘര്‍ഷം ഇടക്കിടെ രൂപപ്പെടുന്നുണ്ട്. ഗവര്‍ണറുടെ അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരായി ശക്തമായ വിധികളാണ് നേരത്തേ പല പ്രാവശ്യം പരമോന്നത കോടതിയില്‍ നിന്ന് തന്നെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തിലുള്ള ആശ്രയം ഹൈക്കോടതികളും സുപ്രീം കോടതിയും തന്നെയാണ്.

Published

|

Last Updated

രണഘടനയിലെ ആര്‍ട്ടിക്കിള്‍ 153 മുതല്‍ 161 വരെയുള്ള വകുപ്പുകളിലാണ് ഗവര്‍ണര്‍മാരെപ്പറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണകാര്യ നിര്‍വഹണ അധികാരങ്ങള്‍ ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുമെന്ന് 154ാം വകുപ്പില്‍ പ്രസ്താവിക്കുന്നുണ്ട്. സംസ്ഥാന നിയമസഭയോട് ഉത്തരവാദിത്വമുള്ള മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഭരണത്തലവനാണ് ഗവര്‍ണര്‍. ഗവര്‍ണറുടെ നിലയെ പരാമര്‍ശിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിച്ചു: “”തന്റെ സ്വന്തം വിവേചനത്താലോ വ്യക്തിപരമായ അഭിപ്രായത്താലോ നിര്‍വഹിക്കപ്പെടേണ്ട യാതൊരു ചുമതലകളും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാ തത്ത്വങ്ങളനുസരിച്ച് അദ്ദേഹം എല്ലാ കാര്യങ്ങളിലും മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണം.”

സുനില്‍ ബോസും സംഘവും പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ നടത്തിയ കേസില്‍ (1950) “ഗവര്‍ണര്‍മാര്‍ മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണമെന്ന്’ കല്‍ക്കട്ട ഹൈക്കോടതി വിധിക്കുകയുണ്ടായി. സുപ്രീം കോടതി ഈ വിധിയെ അനുകൂലിച്ചു. കെ ജെ കബൂറും പഞ്ചാബ് സര്‍ക്കാറും തമ്മിലുള്ള കേസില്‍ (1955) “ഗവര്‍ണര്‍ നാമമാത്ര ഭരണത്തലവനാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഇംഗ്ലണ്ടിലെ രാജാവിന്റെ സ്ഥാനത്തിന് തുല്യമാണെന്നും’ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മന്ത്രിസഭ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ അസാധ്യമായിത്തീരും.

ഭരണഘടനയില്‍ അസം സര്‍ക്കാറിനെ സംബന്ധിച്ച് പറയുന്ന ഭാഗം ഒഴികെ മറ്റൊരിടത്തും ഗവര്‍ണറുടെ വിവേചനാധികാരങ്ങളെപ്പറ്റി പ്രതിപാദിക്കാത്തതില്‍ നിന്ന്, ഇത്തരം അധികാരങ്ങള്‍ വളരെ പരിമിതമാണെന്ന് വ്യക്തവുമാണ്. ഗവര്‍ണര്‍ ഒരു വ്യവസ്ഥാപിത ഭരണത്തലവന്‍ മാത്രമാണെന്ന് പ്രമുഖ ഭരണഘടനാ വിദഗ്ധര്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവര്‍ണറെ പോലെ അധികാരമുള്ള ഒരാള്‍ ഒരു കാര്യം മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ കൂടിയാലോചിക്കുമ്പോള്‍ അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാല്‍ സര്‍ക്കാറിന് ആവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഒരിക്കലും കഴിയുകയില്ല.
സുനില്‍ കുമാര്‍ ബോസും പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും തമ്മിലുള്ള കേസില്‍ കല്‍ക്കട്ട ഹൈക്കോടതി ഇപ്രകാരം വിധിച്ചു: “”ഇന്നത്തെ ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍മാര്‍ക്ക് മന്ത്രിമാരുടെ ഉപദേശം അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. തന്റെ വിവേചനം അനുസരിച്ചോ വ്യക്തിപരമായ അഭിപ്രായം അനുസരിച്ചോ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലാത്തതിനാല്‍ ഗവര്‍ണര്‍മാര്‍ മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം”. ഭരണഘടനയിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ സുപ്രീം കോടതി വിധിനിര്‍ണയത്തില്‍ വ്യാഖ്യാനിക്കുകയുണ്ടായി. അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് വി കെ മുഖര്‍ജി, ഒരു സംസ്ഥാന ഗവര്‍ണര്‍ വ്യവസ്ഥാപിത ഭരണത്തലവനല്ലാതെ മറ്റൊന്നുമല്ലെന്ന് ഊന്നിപ്പറഞ്ഞു. ഷംഷെര്‍ സിംഗിന്റെ കേസില്‍ (1974) സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്, ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെട്ടിരുന്ന ഏഴ് ന്യായാധിപന്‍മാരുടെ ബഞ്ചിന്റെ ഈ തീരുമാനം നിര്‍ണായകമായിരുന്നു. അതിനു ശേഷം പുറപ്പെടുവിച്ച പല വിധി ന്യായത്തിലും ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ വിധിന്യായം നബാം റേബിയ (2016) എന്ന കേസില്‍ സുപ്രീം കോടതിയുടെ മറ്റൊരു ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചതാണ്. അതിലും ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നുള്ള തത്ത്വം ആവര്‍ത്തിക്കുകയാണ് സുപ്രീം കോടതി. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ല എന്ന കാര്യം കോടതി മേല്‍ ഉദ്ധരിച്ച ഷംഷെര്‍ സിംഗിന്റെ കേസില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതുമാണ്.

ഗവര്‍ണര്‍ ചായ്‌വോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കണം, നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണം എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതക്ക് സാധ്യതയില്ല. ക്യാബിനറ്റിന്റെയും മന്ത്രിമാരുടെയും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ളയാളാണ് ഗവര്‍ണര്‍. ഇക്കാര്യത്തിലൊന്നും അദ്ദേഹത്തിന് സ്വന്തം തീരുമാനത്തിലേക്ക് ചെന്നെത്താന്‍ ഭരണഘടന അനുവദിക്കുന്നുമില്ല. മന്ത്രിസഭാ തീരുമാനമോ ഒരു മന്ത്രിയുടെ തീരുമാനമോ ഭരണഘടനാ വിരുദ്ധമോ രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കുന്ന ഒന്നോ ആണെങ്കില്‍ അത് പുനഃപരിശോധന ചെയ്യണമെന്ന് മുഖ്യമന്ത്രിയോടോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടോ ആവശ്യപ്പെടാനുള്ള അവകാശം നിശ്ചയമായും ഗവര്‍ണര്‍ക്കുണ്ട്. വകുപ്പ് മന്ത്രിമാര്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഈ നിലയില്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഗവര്‍ണര്‍ക്ക് തോന്നിയാല്‍ അതിനെ സംബന്ധിച്ച് അവരോട് വിശദീകരണം തേടാനുള്ള അവകാശവും ഗവര്‍ണര്‍ക്കുണ്ട്.

ഭരണഘടനയുടെ 200ാം അനുഛേദം അനുസരിച്ച് നിയമസഭ പാസ്സാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ അദ്ദേഹത്തിന് സമ്മതം രേഖപ്പെടുത്തി തിരിച്ചയക്കാം. അല്ലെങ്കില്‍ സമ്മതം നിരസിക്കാം. അതുമല്ലെങ്കില്‍ പുനഃപരിശോധനക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളില്‍ വേണമെങ്കില്‍ പ്രസിഡന്റിന്റെ പരിഗണനക്ക് വിടാം. പുനഃപരിശോധനക്കയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനാണ്.

യൂനിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ പദവി നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം യൂനിവേഴ്‌സിറ്റികളിലും ഗവര്‍ണര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഈ സ്ഥാനം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട നിയമസഭകളാണ് യൂനിവേഴ്‌സിറ്റി ആക്ടുകള്‍ പാസ്സാക്കുന്നത്. ഈ ആക്ടിന് അനുസരിച്ചാണ് ചാന്‍സലര്‍ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന നിയമം മൂലം വന്നുചേരുന്ന ഒരധികാരമാണ് ചാന്‍സലര്‍ സ്ഥാനം. ഇതും വെറുമൊരു നോമിനല്‍ പദവി മാത്രമാണ്. പ്രത്യേക അധികാര അവകാശങ്ങളൊന്നും ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല. യൂനിവേഴ്‌സിറ്റികളുടെ നയപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ അറിയണമെന്ന് മാത്രമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റ് വിഷയങ്ങളിലെന്ന പോലെ സംസ്ഥാന സര്‍ക്കാറിന്റെ പൊതുവായ താത്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ ഭരണഘടനാപരമായ യൂനിവേഴ്‌സിറ്റി കാര്യങ്ങളില്‍ ഒരു ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ വിശദീകരണം ചോദിക്കാന്‍ ബന്ധപ്പെട്ട മന്ത്രിയെ വിളിച്ചുവരുത്തി വിഷയത്തില്‍ വ്യക്തത വരുത്താനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട് എന്നതില്‍ തര്‍ക്കമില്ല.

യഥാര്‍ഥത്തില്‍ യൂനിവേഴ്‌സിറ്റികളിലെ വിവിധ കമ്മിറ്റികളുടെ നാമനിര്‍ദേശത്തിലും ഉദ്യോഗ നിയമനത്തിലുമെല്ലാം മുമ്പും ചില ഗവര്‍ണര്‍മാര്‍ ഇടപെട്ടിട്ടുണ്ട്. ഇത് ഭരണഘടനയിലെ ഗവര്‍ണറുടെ അധികാരപരിധിക്ക് പുറത്താണ്. ഇതിനെ നിയമപരമായി ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ വിമുഖത കാട്ടിയതുകൊണ്ടാണ് യൂനിവേഴ്‌സിറ്റികളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ അനസ്യൂതം തുടരുന്നത്. യൂനിവേഴ്‌സിറ്റി ഒരു ഓട്ടോണമസ് ബോഡിയാണ്. ഇതിലെ എല്ലാ കാര്യങ്ങളിലും ഇടപെടാനും തീരുമാനങ്ങള്‍ എടുക്കാനുമൊന്നും സര്‍ക്കാര്‍ പോകേണ്ടതില്ല. എന്നാല്‍ മൗലികമായ ചില പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് നിലപാട് സ്വീകരിക്കേണ്ടി വരും.

കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ – സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കങ്ങള്‍. കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കാര്യങ്ങളിലടക്കം ഇവിടെയൊക്കെ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

എന്തായാലും ഗവര്‍ണര്‍-സംസ്ഥാന സര്‍ക്കാര്‍ സംഘര്‍ഷം ഇടക്കിടെ രൂപപ്പെടുന്നുണ്ട്. ഗവര്‍ണറുടെ അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരായി ശക്തമായ വിധികളാണ് നേരത്തേ പല പ്രാവശ്യം പരമോന്നത കോടതിയില്‍ നിന്നുതന്നെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തിലുള്ള ആശ്രയം ഹൈക്കോടതികളും സുപ്രീം കോടതിയും തന്നെയാണ്. ഭരണഘടനയാണ് പരമപ്രധാനം. ഇതിനെ അവഗണിക്കാന്‍ പരമോന്നത കോടതി ആരെയും അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കാം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest