Kozhikode
ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം: കെ പി രാമനുണ്ണി
മര്‍കസ് റൈഹാന്‍ വാലി ലൈഫ് ഫെസ്റ്റിവല്‍ വര്‍ണാഭമായി.

മര്‍കസ് റൈഹാന്‍ വാലി ലൈഫ് ഫെസ്റ്റിവല്‍ യൂഫോറിയ പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂര്‍ | ക്രിയാത്മകതയുടെ നിരന്തര ആഘോഷമാവണം മനുഷ്യജീവിതമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി. മര്‍കസ് റൈഹാന്‍ വാലി ലൈഫ് ഫെസ്റ്റിവല്‍ ‘യൂഫോറിയ’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒറ്റ നിറങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രകൃതി, അതിജീവനം, മണ്ണ്, കല, ജീവിതചക്രം തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു ലൈഫ് ഫെസ്റ്റിവല്‍. വേഡ് സ്മിത്ത് എഴുത്തു പരിശീലന കളരി, കൃഷിപാഠം, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോച്ചിംഗ്, കരിയര്‍ ക്ലിനിക്ക് തുടങ്ങി ഒരുമാസം നീണ്ടുനിന്ന വ്യത്യസ്ത അനുബന്ധ പരിപാടികളും ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
നാലു ടീമുകളിലായി 130 വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ടീം സ്വഹറാബ്, ഡാരിയോസ്, സാറ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കെ പി റിന്‍ഷാദ് കലാപ്രതിഭയും, സ്വബാഹ്, യാസീന്‍ കാവനൂര്‍ എന്നിവര്‍ സര്‍ഗപ്രതിഭയും നൂറു മുഹമ്മദ് സ്റ്റാര്‍ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.
അക്ബര്‍ ബാദുഷ സഖാഫി, സി പി സിറാജുദ്ദീന്‍ സഖാഫി, സഈദ് ശാമില്‍ ഇര്‍ഫാനി, ഇസ്മാഈല്‍ മദനി, ഉബൈദുല്ല സഖാഫി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ഷമീം, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ബഷീര്‍, മൂസക്കോയ, ശമീര്‍ അസ്ഹരി, ആശിഖ് സഖാഫി മാമ്പുഴ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. യുഫോറിയ കണ്‍വീനര്‍ ഷിബിലി കണ്ണൂര്‍ സ്വാഗതവും ഹിറ സെക്രട്ടറി അല്‍ അബീന്‍ കൊല്ലം നന്ദിയും പറഞ്ഞു.