Kerala
ഗുണനിലവാരമില്ല; രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിര്‍ത്തിവച്ചു
നിര്‍ത്തിവച്ചത് തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളും ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് അഹമ്മദാബാദ് നിര്‍മിച്ച കഫ് സിറപ്പും.

തിരുവനന്തപുരം | ഗുജറാത്തിലെ ഒരു കമ്പനിയുടെ കഫ് സിറപ്പുള്‍പ്പെടെ ഗുണനിലവാരം ഉറപ്പില്ലാത്ത രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ എല്ലാ മരുന്നുകളുടെ വില്‍പനയും വിലക്കിയിട്ടുണ്ട്. ഈ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ നടപടി ആരംഭിച്ച സാഹചര്യത്തിലാണിത്.
ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിര്‍മിച്ച റെസ്പിഫ്രഷ് ടി ആര്‍ (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇതിന്റെ വിതരണവും വില്‍പനയും തടഞ്ഞുകൊണ്ട് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ അഞ്ച് വിതരണക്കാര്‍ക്കാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെയും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.