Connect with us

Kerala

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷെര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

ആരോപണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം, ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദപ്രകടനം നടത്തണം തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സി പി എമ്മിലെ കത്ത് വിവാദത്തില്‍ ആരോപണമുന്നയിച്ച മുഹമ്മദ് ഷെര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം, ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദപ്രകടനം നടത്തണം തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അടിസ്ഥാനരഹിത ആക്ഷേപങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും മാനഹാനിയുണ്ടാക്കാനും ശ്രമിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. കത്ത് ചോര്‍ന്നു എന്ന ആരോപണവും നിഷേധിക്കുന്ന വക്കീല്‍ നോട്ടീസില്‍ കത്ത് പൊതു മധ്യത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം വി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. അസംബന്ധം എന്ന് പറയുന്നതിന് മുന്‍പ് മകനോട് ചോദിക്കണമായിരുന്നു എന്നായിരുന്നു പരാതിക്കാരന്‍ ഷെര്‍ഷാദിന്റെ ഇതിനുള്ള മറുപടി. എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും യു കെ വ്യവസായി രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കൈയിലുണ്ടെന്നും ഷെര്‍ഷാദ് പറഞ്ഞു.

ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷെര്‍ഷാദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. വിവാദ കത്ത് കഴിഞ്ഞ നാലുമാസത്തോളമായി വാട്ട്‌സാപ്പില്‍ കറങ്ങുന്നതാണെന്നും ഇത്തരം തോന്ന്യാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നത് പരിതാപകരമാണെന്നുമായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.

തെളിവില്ലാത്ത ആരോപണങ്ങളാണ് ഷെര്‍ഷാദിന്റേതെന്ന് രാജേഷ് കൃഷ്ണ എഫ് ബി പോസ്റ്റിലൂടെ പറഞ്ഞിരുന്നു. മാധ്യമ സ്ഥാപനങ്ങളെ അയാള്‍ സമര്‍ഥമായി കളിപ്പിക്കുകയായിരുന്നു എന്ന് വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. ഉണ്ടെന്ന് പറഞ്ഞ രേഖകള്‍ ചോദിച്ചാല്‍ കൈരേഖയല്ലാതെ അയാള്‍ക്ക് ഒന്നും കാണിക്കാനുണ്ടാകില്ല. താനിപ്പോഴും സി പി എം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest