Education
പഠിക്കാം, എ സി സി എ
ധനകാര്യത്തിലും അക്കൗണ്ടിംഗിലും ആഗോള കരിയറിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന പ്രധാന കോഴ്സാണ് എ സി സി എ. അന്താരാഷ്ട്ര അംഗീകാരവും വിപുലമായ തൊഴിലവസരങ്ങളും ഇത് മുന്നോട്ടുവെക്കുന്നു

ഇന്ത്യയിൽ എ സി സി എ പഠനം അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ധനകാര്യത്തിലും അക്കൗണ്ടിംഗിലും ആഗോള കരിയറിലേക്ക് ഈ കോഴ്‌സിലൂടെ എത്തിച്ചേരാൻ സാധിക്കും. അന്താരാഷ്ട്ര അംഗീകാരവും വിപുലമായ തൊഴിലവസരങ്ങളും ഉള്ളതിനാൽ, കടുത്ത മത്സരം നേരിടുന്ന ധനകാര്യ തൊഴിൽ രംഗത്ത് വിജയകരമായി എത്തിച്ചേരാൻ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ എ സി സി എ യോഗ്യത നേടാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. 180 ലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള എ സി സി എ അക്കൗണ്ടിംഗ്, ഫിനാൻസ് മാനേജ്മന്റ് രംഗങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സാധ്യതകളുള്ള കോഴ്‌സാണ്.
എന്താണ് എ സി സി എ പ്രോഗ്രാം
ലണ്ടൻ ആസ്ഥാനമായ അസ്സോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് എന്ന പ്രശസ്ത സ്ഥാപനം നടത്തുന്ന ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട യോഗ്യതയാണ് എ സി സി എ പ്രോഗ്രാം. സീനിയർ ലെവൽ ഫിനാൻഷ്യൽ, മാനേജ്‌മെന്റ്റോളുകൾക്ക് പഠിതാക്കളെ സജ്ജമാക്കുന്ന കോഴ്‌സാണിത്. ഫിനാൻഷ്യൽ മാനേജ്‌മെന്റ്, പെർഫോമൻസ് മാനേജ്‌മെന്റ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപോർട്ടിംഗ്, ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ടാക്‌സേഷൻ തുടങ്ങിയ എല്ലാ നിർണായക വിഷയങ്ങളും കോഴ്‌സിന്റെ സിലബസ്സിലുണ്ട്. എ സി സി എ പൂർത്തിയാക്കിയ ശേഷം മൾട്ടിനാഷനൽ കമ്പനികളിലോ, ഫിനാൻഷ്യൽ കൺസൾട്ടൻസികളിലോ അല്ലെങ്കിൽ മറ്റ് ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങളിലോ ജോലികൾ നേടാൻ സാധിക്കും.
പ്രവേശനം
പഠിതാക്കൾക്ക് രണ്ട് മാർഗങ്ങളിലൂടെ കോഴ്‌സിൽ പ്രവേശനം നേടി എ സി സി എ യോഗ്യത കരസ്ഥമാക്കാം. ഡയറക്ട് റൂട്ട്, ഫൗണ്ടേഷൻ ഇൻ അക്കൗണ്ടൻസി എഫ് ഐ എ റൂട്ട് എന്നിവയാണിവ. അക്കൗണ്ട്‌സ്, ഗണിതം, ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 65 ശതമാനം മാർക്കും മറ്റ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കും നേടി 12ാം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷം എ സി സി എ കോഴ്‌സിൽ ചേരാം. ഈ യോഗ്യതാ മാനദണ്ഡങ്ങൾ നേടാൻ കഴിയാത്തവർക്ക് ഫൗണ്ടേഷൻ ഇൻ അക്കൗണ്ടൻസി എഫ് ഐ എ കോഴ്‌സ് വഴിയും എ സി സി എ യോഗ്യത നേടാൻ സാധിക്കും. നോളജ് ലെവലിലെ പേപ്പറുകൾ ഫൗണ്ടേഷൻ കോഴ്‌സിൽ പഠിക്കുന്നത് കൊണ്ട് ഫൗണ്ടേഷൻ ഇൻ അക്കൗണ്ടൻസി എഫ് ഐ എ കോഴ്‌സിലെ പേപ്പറുകൾ വിജയിക്കുന്നവർക്ക് നേരിട്ട് സ്‌കിൽ ലെവലിലേക്ക് പ്രവേശനം ലഭിക്കും.
കൊമേഴ്‌സ് അല്ലെങ്കിൽ അക്കൗണ്ടൻസി യോഗ്യതയുള്ള ബിരുദധാരികൾക്കും സി എ അല്ലെങ്കിൽ സി എം എ പോലുള്ള മറ്റ് പ്രൊഫഷനൽ കോഴ്‌സുകകളിൽ യോഗ്യത നേടിയവർക്കും അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ പേപ്പറുകൾ എഴുതുന്നതിൽ നിന്ന് ഇളവ് ലഭിക്കും. എത്ര പേപ്പറുകളിൽ ഇളവ് ലഭിക്കുമെന്നത് എ സി സി എ വെബ്‌സൈറ്റിൽ നിന്ന് അറിയാൻ കഴിയും. പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ accaglobal.comഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
എ സി സി എ കോഴ്‌സ് ഘടനയും പരീക്ഷാ വിശദാംശങ്ങളും
പരീക്ഷ മൂന്ന് ലെവലുകളിലായാണ് നടക്കുന്നത്.
- അപ്ലൈഡ് നോളജ് ലെവൽ: ബിസിനസ്സ് ടെക്‌നോളജി, മാനേജ്‌മെന്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ മൂന്ന് പേപ്പറുകളാണ് ഈ ലെവലിൽ ഉണ്ടാകുക.
- അപ്ലൈഡ് സ്‌കിൽസ് ലെവൽ: ഈ ലെവലിൽ ആറ് പേപ്പറുകൾ ഉണ്ടാകും. കോർപറേറ്റ് ആൻഡ് ബിസിനസ് ലോ, പെർഫോമൻസ് മാനേജ്‌മെന്റ്, ടാക്‌സേഷൻ, ഫിനാൻഷ്യൽ റിപോർട്ടിംഗ്, ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിവയാണ് ഈ പേപ്പറുകൾ.
- സ്ട്രാറ്റജിക് പ്രൊഫഷനൽ ലെവൽ: ഈ ലെവലിൽ നാല് പേപ്പറുകൾ ഉണ്ടാകും. ഇതിൽ സ്ട്രാറ്റജിക് ബിസിനസ് ലീഡർഷിപ്പ് , സ്ട്രാറ്റജിക് ബിസിനസ് റിപോർട്ടിംഗ് എന്നീ പേപ്പറുകൾ നിർബന്ധമായും എഴുതണം.
അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് പെർഫോമൻസ് മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ടാക്‌സേഷൻ അല്ലെങ്കിൽ അഡ്വാൻസ്ഡ് ഓഡിറ്റ് ആൻഡ് അഷ്വറൻസ് എന്നിവയിൽ നിന്നുള്ള ഏതെങ്കിലും രണ്ട് ഓപ്ഷനൽ പേപ്പറുകളാണ് എഴുതേണ്ടത്.
പരീക്ഷകൾ
എ സി സി എ പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. ലഭ്യതക്ക് വിധേയമായി, അടുത്തുള്ള നഗരത്തിലെ എ സി സി എ അംഗീകൃത കമ്പ്യൂട്ടർ ബേസ്ഡ് എക്‌സാമിനേഷൻ സെന്ററിൽ നിന്നോ റിമോട്ട് ആയി സ്വന്തം വീടുകളിൽ നിന്നോ പരീക്ഷ എഴുതാം. ചിലത് ഓൺ ഡിമാൻഡ് പരീക്ഷകളാണ്. ഈ പരീക്ഷകൾ പഠിതാവിന് സൗകര്യമുള്ള സമയത്ത് എഴുതാം. മറ്റ് പരീക്ഷകൾ വർഷത്തിൽ നാല് പ്രാവശ്യം നടക്കും. മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലാണ് നടക്കുക. ഈ പരീക്ഷകൾക്ക് പുറമെ മൂന്ന് വർഷത്തെ പ്രായോഗിക പരിശീലനവും എത്തിക്‌സ് ആൻഡ് പ്രൊഫഷനൽ സ്‌കിൽസ് മൊഡ്യൂളും പൂർത്തിയാക്കണം.
എത്തിക്‌സ് ആൻഡ് പ്രൊഫഷനൽ സ്‌കിൽസ് മൊഡ്യൂൾ (ഇ പി എസ് എം)
ഈ മൊഡ്യൂൾ എ സി സി എ യോഗ്യതയുടെ അനിവാര്യ ഭാഗമാണ്. ഈ മൊഡ്യൂളിന് പത്ത് യൂനിറ്റുകളുണ്ട്. പഠിതാവിന്റെ തൊഴിൽക്ഷമത വർധിപ്പിക്കാനും കൂടുതൽ ഫലപ്രദമായി ജോലി ചെയ്യാനും ഈ മൊഡ്യൂൾ അവരെ പ്രാപ്തരാക്കുന്നു. നേതൃത്വം, ആശയവിനിമയം, വാണിജ്യ അവബോധം തുടങ്ങിയ നിരവധി പ്രൊഫഷനൽ കഴിവുകൾ വികസിപ്പിക്കുന്നതിന് ഈ മൊഡ്യൂൾ പഠിതാക്കൾക്ക് അവസരം നൽകുന്നു.
പ്രായോഗിക പരിശീലനം (പി ഇ ആർ)
പ്രായോഗിക പരിശീലനം പൂർത്തിയാക്കാൻ പഠിതാക്കൾക്ക് യോഗ്യതയുള്ള സൂപ്പർവൈസറുടെ കീഴിൽ 36 മാസത്തെ സേവനം ആവശ്യമാണ്. ഇത് നിർബന്ധമായും അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസ് റോളിലായിരിക്കണം. ഇതിനോടൊപ്പം അഞ്ച് എസെൻഷ്യൽ ഒബ്ജക്ടീവുകളും നാല് ടെക്‌നിക്കൽ ഒബ്ജക്ടീവുകളും കൂടി പൂർത്തിയാക്കണം.
മൂന്ന് ലെവൽ പരീക്ഷകളും വിജയിക്കുന്നതോടെ പഠിതാവിന് എ സി സി എ അസ്സോസിയേറ്റ് ആയി രജിസ്‌ട്രേഷൻ ലഭിക്കും. മൂന്ന് വർഷത്തെ പ്രായോഗിക പരിശീലനവും എത്തിക്‌സ് ആൻഡ് പ്രൊഫഷനൽ സ്‌കിൽസ് മൊഡ്യൂളും പൂർത്തിയാക്കിയാൽ മാത്രമേ എ സി സി എ അംഗത്വത്തിന് അപേക്ഷിക്കാൻ അർഹരാകുകയുള്ളു. എ സി സി എ യിൽ കാലാനുസൃതമായ സിലബസ് പരിഷ്‌കരണം നടക്കാറുണ്ട്. 2027 ൽ പുതിയ സിലബസ്സ് നിലവിൽ വരും. കൂടുതൽ വിവരങ്ങൾക്ക് www.accaglobal.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.