International
എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലെബ്രോണ്‍ ജെയിംസ്
എന്‍ ബി എയിലെ എക്കാലത്തെയും ടോപ് സ്‌കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്.

ലോസാഞ്ചല്‍സ്| ബാസ്‌കറ്റ്‌ബോളില്‍ സമാനതകളില്ലാത്ത കഴിവുകള്‍ പുറത്തെടുത്തിരിക്കുകയാണ് ലെബ്രോണ്‍ ജെയിംസ്. എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ലോസാഞ്ചല്‍സ് ലേക്കേഴ്‌സ് താരം. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയിന്റ് നേടിയതോടെ 38,388 പോയിന്റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോറര്‍ എന്ന നേട്ടമാണ് ലെബ്രോണ്‍ ജെയിംസ് സ്വന്തമാക്കിയത്.
38,387 പോയിന്റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും ടോപ് സ്‌കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. കരീം അബ്ദുള്‍ ജബ്ബാറിനെ സാക്ഷിയാക്കിയാണ് ജെയിംസിന്റെ നേട്ടം.
20 സീസണ്‍ നീണ്ട കരിയറിനൊടുവില്‍ 1984ലാണ് കരീം അബ്ദുള്‍ ജബ്ബാര്‍ 38,387 പോയിന്റുമായി എന്‍ ബി എയിലെ എക്കാലത്തെയും ടോപ് സ്‌കോററായത്. 20 സീസണുകളിലായി 1410 മത്സരങ്ങള്‍ കളിച്ച ജെയിംസ് 39 വര്‍ഷത്തിനുശേഷമാണ് ജബ്ബാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം നേടിയത്.