Connect with us

waqf board appointment

നാല് ജീവനക്കാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് ലീഗ് നേതാക്കള്‍; പി എസ് സി പരിഹാരമായി കണ്ടുകൂടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേട് നടന്നതെന്ന് എം സി മായിന്‍ ഹാജി സമ്മതിച്ചത്.

Published

|

Last Updated

കോഴിക്കോട്  |  ഇടതു ഭരണകാലത്ത് വഖ്ഫ് ബോര്‍ഡില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നാല് ജീവനക്കാരെ  നിയമിച്ചുവെന്ന ആക്ഷേപവുമായി മുസ്‌ലിം ലീഗ് നേതാവും വഖ്ഫ് ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജി. കെ എ ജലീലിന്റെ കാലത്ത് മൂന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും അതിന്റെ മറ പിടിച്ച് മറ്റ് ജീവനക്കാര്‍ സ്ഥിര നിയമനം നേടിയതായും മായിന്‍ ഹാജി ആരോപിച്ചു. ഇത്തരം ക്രമപരമല്ലാത്ത നിയമനങ്ങള്‍ ഒഴിവാക്കുന്നതിന് പി എസ് സി നിയമനമെന്ന മാര്‍ഗം സ്വാഗതം ചെയ്യേണ്ടതല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ലീഗ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേട് നടന്നതെന്ന് അദ്ദേഹം സമ്മതിച്ചത്.

കേരളത്തിലെ പള്ളികളില്‍ നിന്നും സമാഹരിച്ച 54 ലക്ഷം രൂപയോളം സര്‍ക്കാര്‍ കടമായി എടുത്തിട്ടുണ്ടെന്നും തിരിച്ചടക്കാന്‍ കത്ത് അയച്ചിട്ടും നല്‍കിയില്ലെന്നും അഡ്വ. പി വി സൈനുദ്ദീന്‍ പറഞ്ഞു. നിലവില്‍ വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ ജോലി ചെയ്യുന്ന അമുസ്‌ലിംകള്‍ ദിവസക്കൂലിക്ക് നിശ്ചയിച്ച ക്ലീനിംഗ് ജീവനക്കാരാണ്. നിയമനം മുസലിംകള്‍ക്ക് നല്‍കണമെന്ന കേന്ദ്ര ആക്ടില്‍ ഇത്തരം തസ്തികകള്‍ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സി മുഖേനെ മുസ്‌ലിംകള്‍ക്കാണ് നല്‍കുന്നതെങ്കിലും ഭാവിയില്‍ ഇത് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍ വഖ്ഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍ വ്യക്തമാക്കി. മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, അഡ്വ. ഫാത്തിമ റോഷ്‌ന എന്നിവരും മായിന്‍ഹാജിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest