up election
യോഗിക്ക് പകരം സംസ്ഥാന വൈസ് പ്രസിഡന്റിനെ ഉയര്‍ത്തിക്കാട്ടി നേതാക്കള്‍; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ അഭിപ്രായ വ്യത്യാസം
നിലവിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെയാണ് പ്രധാനമന്ത്രിയും അമിത് ഷായുമടക്കമുള്ള കേന്ദ്ര നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്

ലക്‌നോ | രാജ്യത്തെ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഏത് സമയത്തും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പ്രതിപക്ഷ അനൈക്യത്തിനിടയിലും ബി ജെ പി നെഞ്ചിടിപ്പോടെ തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പാണ് യു പിയിലേത്. കര്‍ഷക പ്രക്ഷോഭം മൂലമുണ്ടായ പ്രതിച്ഛായ നഷ്ടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി നിരന്തരം പ്രചാരണ പരിപാടികള്‍ ഉത്തര്‍പ്രദേശില്‍ നടക്കുകയാണ്. ഇതിനിടെ ബി ജെ പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നിലവിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെയാണ് പ്രധാനമന്ത്രിയും അമിത് ഷായുമടക്കമുള്ള കേന്ദ്ര നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. ഭാവിയില്‍ സംഘ്പരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോലും കണക്കാപ്പെടുന്ന വ്യക്തിയാണ് യോഗി ആദിത്യനാഥ്. എന്നാല്‍, യോഗിയല്ല മോദിയുമായി അടുത്ത ബന്ധമുള്ള എ കെ ശര്‍മയെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യവുമായ ബി ജെ പി എം പി രംഗത്തെത്തി. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഉത്തര്‍പ്രദേശിലെ മാവുവില്‍ നിന്നുള്ള എം പി ഹരിനാരായണ്‍ രാജ്ഭര്‍ എ കെ ശര്‍മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്.
നിലവില്‍ ഉത്തര്‍പ്രദേശ് വൈസ് പ്രസിഡന്റും എം എല്‍ സിയുമാണ് എ കെ ശര്‍മ്മ. തന്റെ ശേഷിക്കുന്ന ജീവിതം എ കെ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കിവെക്കുന്നു. എ കെ ശര്‍മയെ യു പിയുടെ മുഖ്യമന്ത്രിയാക്കണമെന്ന് താന്‍ ബി ജെ പി നേതൃത്വത്തോട് ആവശ്യപ്പെടുന്നെന്നും പരിപാടിയില്‍ സംസാരിക്കവെ രാജ്ഭര്‍ പറഞ്ഞു.
പ്രധാനമന്ത്രിയും അമിത് ഷായും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യോഗി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മോദിയുടെ തന്നെ വിശ്വസ്തനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യമുയര്‍ന്നത് ബി ജെ പിക്കുള്ളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. മോദിയുമായി യോഗിക്ക് നല്ല ബന്ധമല്ലെന്നതും മോദിയുടേതിനെക്കാള്‍ സംഘ്പരിവാറിന് താത്പര്യമുള്ള സ്ഥാനാര്‍ഥിയാണ് യോഗി എന്നതും ഈ ഉള്‍പ്പാര്‍ട്ടി പോരിന് ആക്കം കൂട്ടും.