Uae
യുവാക്കളില്‍ നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍
യുവാക്കള്‍ക്ക് ഭാവി രൂപപ്പെടുത്തുന്നതിനും ആഗോള വേദിയില്‍ മത്സരിക്കുന്നതിനുമായി അവസരം ഒരുക്കും.
അബൂദബി | യുവാക്കളില്‍ നിക്ഷേപം നടത്താനും രാജ്യത്തിന്റെ വളര്‍ച്ചയെ പരിവര്‍ത്തനം ചെയ്യാന്‍ അവരെ ശാക്തീകരിക്കാനും യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് യു എ ഇ നേതാക്കള്‍. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് യുവാക്കള്‍ക്ക് ഭാവി രൂപപ്പെടുത്തുന്നതിനും ആഗോള വേദിയില്‍ മത്സരിക്കുന്നതിനുമായി അവസരം ഒരുക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വ്യക്തമാക്കിയത്.
യുവാക്കള്‍, രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന അടിത്തറയും പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഇന്ധനവും യഥാര്‍ഥ വികസനത്തിന് പിന്നിലെ ചാലകശക്തിയുമാണ്. അവരെ ഞങ്ങള്‍ രാഷ്ട്രത്തിന്റെ ബാനര്‍ ഏല്‍പ്പിക്കുന്നു. പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാവര്‍ക്കും കൂടുതല്‍ സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിന് യുവാക്കള്‍ അത്യന്താപേക്ഷിതമാണ്. യുവാക്കളില്‍ നിക്ഷേപം നടത്താനും രാജ്യത്തിന്റെ വളര്‍ച്ചയെ പരിവര്‍ത്തനം ചെയ്യാന്‍ അവരെ ശാക്തീകരിക്കാനും യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു.
യുവാക്കളെ ശാക്തീകരിക്കുന്നതിന് യു എ ഇ ബഹുമുഖ പദ്ധതി നടപ്പാക്കുന്നുണ്ട്. 2024 മെയില്‍, ദേശീയ യുവജന അജണ്ട 2031-ന് കാബിനറ്റ് അംഗീകാരം നല്‍കി. പ്രാദേശികമായും ആഗോളമായും റോള്‍ മോഡലുകളാകാന്‍ യുവ ഇമാറാത്തികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് അജണ്ട. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് അവരുടെ സംഭാവന വര്‍ധിപ്പിക്കാനാണ് അജണ്ട ശ്രമിക്കുന്നത്.