National
'കരയുവാന്‍ പോലും കഴിയാത്തവരുടെ ശബ്ദമായി നാം മാറണം'; കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജില്‍' ശക്തമായി പ്രതികരിച്ച് എ എ റഹീം എം പി
ശബ്ദമില്ലാത്ത മനുഷ്യരുടെ ചെറിയ ചെറിയ സ്വപ്നക്കൂടുകളിലേക്ക് മാത്രമേ ഈ ബുള്‍ഡോസറുകള്‍ പാഞ്ഞടുക്കൂ... കാരണം കരയുവാന്‍ പോലും ആ ശബ്ദങ്ങള്‍ ഉയരില്ലെന്നു 'ബുള്‍ഡോസര്‍ ദാദമാര്‍ക്ക്' അറിയാം...
ബെംഗളൂരു | കര്‍ണാടകയില്‍ സാധാരണക്കാരുടെ വീടുകള്‍ പൊളിച്ച അധികൃതരുടെ നടപടിയെ ശക്തമായി വിമര്‍ശിച്ച് എ എ റഹീം എം പി. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ 300ലധികം വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ച സംഭവത്തിലാണ് റഹീം വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഫേസ് ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയത്.
സംഘ്പരിവാര്‍ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്കും ദളിതര്‍ക്കും നേരെ അയച്ച അതേ ബുള്‍ഡോസറുകളാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാനത്തെ അതേ ജനവിഭാഗങ്ങളുടെ നേരെ പറഞ്ഞുവിട്ടതെന്ന് റഹീം പറഞ്ഞു. അനധികൃത കുടിയേറ്റം ഒഴിപ്പിച്ചുവെന്ന ഔദ്യോഗിക വിശദീകരണം ശുദ്ധ അസംബന്ധമാണ്. വീട് പൊളിക്കലിന് ഇരയായ എല്ലാവര്‍ക്കും വോട്ടര്‍ ഐ ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും സ്വന്തമായുണ്ട്.
ശബ്ദമില്ലാത്ത മനുഷ്യരുടെ ചെറിയ ചെറിയ സ്വപ്നക്കൂടുകളിലേക്ക് മാത്രമേ ഈ ബുള്‍ഡോസറുകള്‍ പാഞ്ഞടുക്കൂ. കാരണം കരയുവാന്‍ പോലും ആ ശബ്ദങ്ങള്‍ ഉയരില്ലെന്ന് ‘ബുള്‍ഡോസര്‍ ദാദമാര്‍ക്ക്’ അറിയാം. അപ്പോള്‍ അവരുടെ ശബ്ദമായി നമ്മള്‍ മാറണമെന്നും റഹീം പറഞ്ഞു.
എ എ റഹീമിന്റെ എഫ് കുറിപ്പ്….
പ്രിയപ്പെട്ട സുഹൃത്തേ,
ഇത് വായിക്കുന്നതിന് മുന്‍പ് പാഞ്ഞു വരുന്ന ഒരു കൂട്ടം ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടും ജീവനോപാധികളും ഇടിച്ചു നിരത്തുന്നത് സങ്കല്‍പ്പിക്കണം.നമ്മളെ പോലെതന്നെ അവകാശങ്ങള്‍ ഉണ്ടാകേണ്ട കുറെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചാണ് കുറിക്കാന്‍ പോകുന്നത്.
മഞ്ഞു പെയ്യുന്ന ഇക്കഴിഞ്ഞ ഒരു വെളുപ്പാന്‍ കാലത്ത് ബുള്‍ഡോസറുകള്‍ ഇരച്ചെത്തി ഇടിച്ചു നിരത്തിയത് ആ സാധുക്കളായ മനുഷ്യരുടെ വീടുകളാണ്,സ്വപ്നങ്ങളാണ്…
ഉറക്കത്തിലായിരുന്നു എല്ലാവരും. മൂന്ന് മണിക്കൂറുകള്‍ കൊണ്ട് എല്ലാം തകര്‍ത്ത് ”വേട്ടനായ്ക്കള്‍”മടങ്ങി…
തെരുവില്‍ ഭിക്ഷ എടുത്തും, ഖവാലി പാടിയും അവര്‍ വര്‍ഷങ്ങള്‍ പണിപ്പെട്ട് പണിത വീടുകളാണ് മൂന്ന് മണിക്കൂര്‍ കൊണ്ട് ഭ്രാന്ത് പിടിച്ച ഭരണകൂടം ഇടിച്ചു നിരത്തിയത്.
180 മുതല്‍ 200 വീടുകള്‍ ഇടിച്ചു നിരത്തി എന്നാണ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നല്‍കുന്ന സ്ഥിരീകരിക്കാവുന്ന കണക്കുകള്‍. ആകെ ആയിരത്തോളം പേര്‍ ആകെ ഇരകള്‍,എല്ലാവരും മുസ്ലിങ്ങളും ദളിതരും.
സംഘപരിവാര്‍ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്കും,ദളിതര്‍ക്കും നേരെ ”പറഞ്ഞയച്ച അതേ ബുള്‍ഡോസറുകള്‍” കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാനത്തെ അതേ ജനവിഭാഗങ്ങളുടെ നേരെ പറഞ്ഞു വിട്ടു.
ഡിസംബര്‍ 20 ന് പുലര്‍ച്ചെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്. ‘അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു’ എന്നാണ് ഔദ്യോഗിക വിശദീകരണം. അത് ശുദ്ധ അസംബന്ധമാണ്. എല്ലാവര്‍ക്കും ഈ ഭൂമിയില്‍ അവകാശ രേഖയുണ്ട് എന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിക്കുന്നു. ഞങ്ങള്‍ കണ്ട എല്ലാ ഇരകള്‍ക്കും വോട്ടര്‍ ഐ ഡി,ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും സ്വന്തമായി ഉള്ളവരാണ്. അതായത് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു എന്ന കോണ്‍ഗ്രസ്സ് വാദം പച്ചക്കള്ളം ആണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ എന്തിനാണ് ബുള്‍ഡോസറുകള്‍ അയച്ചത്. ഒരു പുലര്‍ച്ചയില്‍ സ്ത്രീകളും, (അതില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുണ്ട്), കുഞ്ഞുങ്ങളും,കിടപ്പ് രോഗികളും, വൃദ്ധരും ഉള്‍പ്പെടെയുള്ള ആയിരത്തോളം ഇന്ത്യക്കാരെ എന്തിനാണ് മനുഷ്യത്വ വിരുദ്ധമായി നിങ്ങള്‍ കുടിയിറക്കിയത്?
തീരുന്നില്ല, ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വീണ്ടും ഇതേ വേട്ടക്കാര്‍ ഇതേ ഇരകളെ തേടിയെത്തി. ബുള്‍ഡോസര്‍ പടയെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ദളിത് സംഘടനകളും ചേര്‍ന്നു ചെറുത്ത് തിരിച്ചയച്ചു..
കോണ്‍ഗ്രസ്സ് നേതാവും റവന്യു മന്ത്രിയുമായ കൃഷ്ണ ഭൈരെ ഗൗഢയുടെ സ്വന്തം മണ്ഡലത്തിലാണ് ക്രൂരമായ ഈ ബുള്‍ഡോസര്‍ രാജ് നടന്നത്. എന്നിട്ട് ഈ നിമിഷം വരെ അദ്ദേഹം അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും കൂരകള്‍ നഷ്ടമായ ആ പാവങ്ങള്‍ കടുത്ത മഞ്ഞില്‍,ആ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് നടുവില്‍ തുടരുകയാണ്
ഈ ദുര്‍ബലരായ മനുഷ്യര്‍, ഞങ്ങളുടെ നേരെ കൈകൂപ്പി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കായി ആദ്യമായി സംസാരിച്ചതിന്, അത് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ കണിക…
ആദ്യമായി ഇവിടേക്ക് മാധ്യമങ്ങള്‍ എത്താന്‍ തുടങ്ങിയത്, ശ്രീ പിണറായി വിജയന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചതിനു ശേഷമാണ്. ഇന്നിപ്പോള്‍ ആദ്യമായി ശ്രീ.ഡി കെ ശിവകുമാറിന് പ്രതികരണം നടത്തേണ്ടി വന്നിരിക്കുന്നു…
രാജ്യത്തു എല്ലായിടത്തും സംഘപരിവാര്‍ മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തിയ ബുള്‍ഡോസര്‍രാജുകള്‍ക്ക് അവര്‍ നല്‍കിയ ന്യായീകരണം അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ച സ്വാഭാവിക നടപടിയെന്നാണ്. അതേ ന്യായീകരണം തന്നെയാണ് കോണ്‍ഗ്രസ്സും ആവര്‍ത്തിക്കുന്നത്!
ബാംഗ്ലൂര്‍ നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങളുടെ വിവരം സര്‍ക്കാരിന്റെ കയ്യിലുണ്ടാകില്ലേ, അതിലെ സമ്പന്നരുടെയും മറ്റ് പ്രിവിലേജ് വിഭാഗങ്ങളുടെയും നേര്‍ക്ക് ഇതേ ബുള്‍ഡോസറുകള്‍ പറഞ്ഞയക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറാകുമോ?
ശബ്ദമില്ലാത്ത മനുഷ്യരുടെ ചെറിയ ചെറിയ സ്വപ്നക്കൂടുകളിലേക്ക് മാത്രമേ ഈ ബുള്‍ഡോസറുകള്‍ പാഞ്ഞടുക്കൂ… കാരണം കരയുവാന്‍ പോലും ആ ശബ്ദങ്ങള്‍ ഉയരില്ലെന്നു ‘ബുള്‍ഡോസര്‍ ദാദമാര്‍ക്ക്’ അറിയാം…
പ്രിയപ്പെട്ടവരേ, അപ്പോള്‍ അവരുടെ ശബ്ദമായി നമ്മള്‍ മാറുക. ..
ഡി വൈ എഫ് ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പൂജ്ജാര്‍,ഡി വൈ എഫ് ഐ നേതാവ് എ ആര്‍ നരേഷ് ബാബു തുടങ്ങിയവരും മറ്റു ഡി വൈ എഫ് ഐ സഖാക്കളും ഞങ്ങളുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.


