Connect with us

srilankan protest

ലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ സിംഗപ്പൂരിലേക്ക് പറന്നു; രാജി ഇന്നുണ്ടായേക്കും

സിംഗപ്പൂരില്‍ നിന്ന് സഊദിയിലെ ജിദ്ദയിലേക്കാണ് ഗോതബയ രജപക്‌സെ പോകുകയെന്നാണ് സൂചന.

Published

|

Last Updated

കൊളംബോ | ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് മാലിദ്വീപിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ സിംഗപ്പൂരിലേക്ക് പറന്നു. ഇന്നുതന്നെ അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് പാര്‍ലിമെന്റ് സ്പീക്കറുടെ ഓഫീസ് പ്രതീക്ഷിക്കുന്നത്. അതിനിടൈ, പാര്‍ലിമെന്റ് മന്ദിരത്തിന് സമീപം വൻതോതിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സഊദി അറേബ്യയുടെ വിമാനത്തിലാണ് പ്രസിഡന്റ് മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ നിന്ന് സഊദിയിലെ ജിദ്ദയിലേക്കാണ് ഗോതബയ രജപക്‌സെ പോകുകയെന്നാണ് സൂചന. രാജി ആവശ്യപ്പെട്ട് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പ്രക്ഷോഭകര്‍ കൈയടക്കിയതിനെ തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തിലായിരുന്ന ഗോതബയ ബുധനാഴ്ച പുലര്‍ച്ചെയാണ് മാലിദ്വീപിലേക്ക് രഹസ്യമായി പോയത്.

മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയാണെന്ന വിവരമാണ് പ്രസിഡന്റിന്റെ യാത്രയെ സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അവസാന ലക്ഷ്യസ്ഥാനം അറിയില്ലെന്നും അവിടെയെത്തിയാല്‍ രാജിക്കത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. അതിനിടെ, യു കെ അടക്കമുള്ള രാജ്യങ്ങള്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest