Connect with us

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു

അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ വീണ്ടും സമരം.

Published

|

Last Updated

കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യ ഘട്ടമാണ് അവസാനിക്കുന്നതെന്നും ദുരന്തബാധിതരുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സമര സമിതി മുന്നറിയിപ്പു നല്‍കി.

പുനരധിവാസം വൈകുന്നതിനെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ സമര സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ദുരന്തബാധിതരുടെ കുടില്‍കെട്ടി സമരം പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സി പി എം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു. പുനരധിവാസത്തിന് അര്‍ഹരായവരുടെ രണ്ടാംഘട്ട പട്ടികയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ എന്തിനാണ് സമരമെന്ന് മനസ്സിലാകുന്നില്ല. സമരത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും ശശീന്ദ്രന്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ, പുനരധിവാസത്തിനായുള്ള പട്ടികയില്‍ 323 കുടുംബങ്ങളായി. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

 

Latest