Connect with us

editorial

ഉരുള്‍ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ പക്ഷപാതമരുത്

തികച്ചും പക്ഷപാതപരമാണ് വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും മനസ്സിലാക്കുകയും മതിയായ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്.

Published

|

Last Updated

മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രം പ്രകടിപ്പിക്കുന്ന വിസമ്മതത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. അതീവ ഗുരുതര പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ഈ രണ്ട് പ്രദേശങ്ങളിലെയും ദുരിതബാധിതരെ സഹായിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രം, അത്ര ഗുരുതരമല്ലാത്ത ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരന്തങ്ങളില്‍ സഹായം നല്‍കിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതില്‍ മാത്രമെന്താണ് വിമ്മിഷ്ടം? കേരളത്തെ സഹായിക്കാന്‍ താത്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയണം. കേന്ദ്രത്തിന്റെ ചിറ്റമ്മനയം പ്രോത്സാഹിപ്പാക്കാനാകില്ലെന്നും കോടതി തുറന്നടിച്ചു.

മുണ്ടക്കൈ ദുരിതത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലായിരുന്നു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ഹൈക്കാടതി ബഞ്ചിന്റെ വിമര്‍ശം.
മുണ്ടക്കൈ- ചൂരല്‍മല ദുരന്തം നടന്ന് ഒന്നേകാല്‍ വര്‍ഷം പിന്നിട്ടു. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ സംസ്ഥാനം നിരന്തരം അഭ്യര്‍ഥിച്ചിട്ടും ദേശീയ ദുരന്ത നിവാരണ വകുപ്പ് വിമുഖത കാണിക്കുകയാണ്. മാത്രമല്ല, വായ്പ എഴുതിത്തള്ളാന്‍ സഹായകമായ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് കേന്ദ്രം ഒഴിവാക്കുകയും ഈ ഭേദഗതി ചൂണ്ടിക്കാട്ടി വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. കേന്ദ്രത്തിനു വേണ്ടി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍സിംഗാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദുരന്തനിവാരണ നിയമത്തില്‍ മാറ്റം വരുത്തിയെങ്കിലും ഭരണഘടന അനുഛേദം 73 പ്രകാരം ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും ഇതുസംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് അറിയിക്കണമെന്നുമാണ് ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം. വായ്പ തിരിച്ചു പിടിക്കല്‍ നടപടി അനുവദിക്കില്ലെന്നും തിരിച്ചു പിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു കോടതി.

ശ്മശാന തുല്യമാണ് ഇപ്പോഴും മുണ്ടക്കൈയും ചൂരല്‍മലയും. 350ഓളം പേരുടെ ജീവനാണ് 2014 ജൂലൈ 30ന് നടന്ന ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നഷ്ടമായത്. ഭാഗികമായി തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. 1,084 കുടുംബങ്ങളിലായി 4,656 പേരെ ദുരന്തം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

അവശേഷിക്കുന്നതില്‍ പലതും അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളാണ്. ഗൃഹനാഥന്മാരും കുടുംബത്തെ സംരക്ഷിച്ചിരുന്ന യുവാക്കളുമാണ് മരണപ്പെട്ടവരില്‍ നല്ലൊരു പങ്കും. പ്രദേശമാകെ മലവെള്ളം നക്കിത്തുടച്ചതോടെ നാട്ടുകാരുടെ ജീവിതമാര്‍ഗമായിരുന്ന കൃഷിയും കടകളും തേയിലത്തോട്ടങ്ങളും നാമാവശേഷമായി. 1,500 ഏക്കര്‍ കൃഷിഭൂമിയാണ് ഒലിച്ചു പോയത്. കൃഷിക്കും മറ്റു ജീവിതാവശ്യങ്ങള്‍ക്കും വായ്പയെടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ യാതൊരു മാര്‍ഗവുമില്ല. എല്ലാം നഷ്ടപ്പെട്ട് ജീവന്‍ മാത്രം അവശേഷിച്ചവര്‍ എങ്ങനെ വായ്പ തിരിച്ചടക്കാന്‍? വായ്പയെടുത്തവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പുമില്ല. ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച ദുരന്തത്തെ തുടര്‍ന്ന് അവര്‍ മണ്ണിനടിയിലാണ്. വായ്പക്ക് ഈടുവെച്ച വസ്തുക്കളെല്ലാം നഷ്ടമാകുകയും ചെയ്തു. എന്നിട്ടും വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ബേങ്കുകള്‍.

മനുഷ്യപ്പറ്റില്ലാത്തതാണ് ഈ നടപടി. വന്‍ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരുടെ വായ്പ എഴുതിത്തള്ളിയ ചരിത്രമാണ് മുന്‍കാലങ്ങളില്‍ കേരളമടക്കം രാജ്യത്തുടനീളം. കേരളത്തില്‍ 2004ലെ സുനാമി ദുരന്തത്തിലും 2017ലെ ഓഖി ദുരന്തത്തിലും വീട് നഷ്ടപ്പെട്ടവരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളിയിരുന്നു. രണ്ട് ലക്ഷം കോടി രൂപയാണ് പൊതുബേങ്കുകളുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം. മുണ്ടക്കൈയില്‍ എഴുതിത്തള്ളാനുള്ളത് 35 കോടിയും. ബേങ്കുകള്‍ക്ക് ഇതത്ര വലിയ സംഖ്യയല്ല. ബേങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരച്ചടക്കാന്‍ സാധിക്കാത്ത ദൈന്യാവസ്ഥയാണ് രാജ്യത്തെ ബഹുഭൂരിഭാഗം കര്‍ഷക ആത്മഹത്യകളുടെയും കാരണം. ഈ ഒരവസ്ഥയിലേക്ക് മുണ്ടക്കൈ, ചൂരല്‍മല വാസികളെ എത്തിക്കാതിരിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്.

തികച്ചും പക്ഷപാതപരമാണ് വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും മനസ്സിലാക്കുകയും മതിയായ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്. പിന്നീട് വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ചു കേന്ദ്രം. യഥാസമയം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെയും വിദേശ രാഷ്ട്രങ്ങളുടെയും സഹായം ലഭിക്കുമായിരുന്നു.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനുള്ള നെട്ടോട്ടത്തിനിടയില്‍ താത്കാലിക ആശ്വാസമെന്ന നിലയിലാണ് സാധാരണക്കാരന്‍ ബേങ്ക് വായ്പയെ ആശ്രയിക്കുന്നത്. ഇത് പക്ഷേ മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ക്ക് മറ്റൊരു ദുരന്തമായി മാറുകയാണ്. ദുരിത ബാധിതരുടെ കണ്ണീര്‍ തുടക്കേണ്ടത് ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്. കോടതി ചൂണ്ടിക്കാട്ടിയതു പോലെ ഔദാര്യമല്ല, അര്‍ഹമായ അവകാശമാണ് ഈ സഹായം. നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് നീതീകരിക്കാനാകില്ല. നിയമം മനുഷ്യര്‍ക്കു വേണ്ടിയാകണം; മനുഷ്യന്‍ നിയമങ്ങള്‍ക്കു വേണ്ടിയാകരുത്. നിയമ പുസ്തകങ്ങളില്‍ നിന്നല്ല, ദുരിതബാധിതരുടെ കണ്ണീരില്‍ നിന്നാണ് കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ നയം രൂപപ്പെടേണ്ടത്.

Latest