From the print
ഭൂമി തരംമാറ്റൽ; ലീഗ് പുനരധിവാസ പദ്ധതി പ്രതിസന്ധിയിൽ
പാണക്കാട് സ്വാദിഖലി തങ്ങൾക്കും ഭൂമി വിറ്റ അഞ്ച് പേർക്കും നോട്ടീസ്; പ്രതിരോധത്തിലായി പാർട്ടി നേതൃത്വം

കൽപ്പറ്റ | മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിക്കുന്നതിനായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിയിൽ പ്രവൃത്തി ആരംഭിക്കുന്നതിന് സാങ്കേതിക നിയമ തടസ്സങ്ങൾ. ലീഗ് വാങ്ങിയ മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിലെ 11.27 ഏക്കറിൽ ഒരു ഏക്കർ ഒഴികെ മറ്റെല്ലാം തോട്ടഭൂമിയാണെന്നതും ഇത് തരം മാറ്റുന്നതിലുള്ള നിയമക്കുരുക്കുമാണ് പാർട്ടിക്ക് തലവേദനയാകുന്നത്. ഭൂമി മുസ്‌ലിം ലീഗ് നേതൃത്വത്തിന് വിൽപ്പന നടത്തിയ അഞ്ച് പേർക്കും സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങിയ പാർട്ടി പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾക്കും ഹിയറിംഗിന് ഹാജരാകാൻ വേണ്ടി റവന്യൂ വിഭാഗത്തിന്റെ നോട്ടീസ് ലഭിച്ചു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കെ എൽ ആർ സെക്‌ഷൻ 105 പ്രകാരം കണിയാമ്പറ്റയിലുള്ള സോണൽ ലാൻഡ് ബോർഡ് ഓഫീസിൽ ഹജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സോണൽ ലാൻഡ് ബോർഡ് ചെയർമാന് വേണ്ടി വൈത്തിരി താലൂക്ക് സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാരാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മുസ്‌ലിം ലീഗിന് ഭൂമി കൈമാറിയ സ്ഥലമുടമകളായ അഡ്വ. കല്ലങ്കോടൻ മൊയ്തു, സുനിൽ, ഷംജിത്, ഷംജിതിന്റെ ബന്ധുക്കൾ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 14, 16 അടക്കം ഓരോരുത്തർക്കും വിത്യസ്ത തീയതിയാണ് ഹിയറിംഗിന് നൽകിയിരിക്കുന്നത്. അഡ്വ. കെ മൊയ്തുവിന് ലഭിച്ച നോട്ടീസിൽ ഇയാൾ വിൽപ്പന നടത്തിയ ഭൂമിയിലെ മൂന്ന് ഏക്കർ തരം മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. തൃക്കൈപ്പറ്റ വില്ലേജിൽ ലീഗ് വാങ്ങിയ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണിയാമ്പറ്റ സോണൽ ലാൻഡ് ബോർഡ് ഓഫീസിലേക്ക് രേഖകളുമായെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പാർട്ടി ഏറെ അഭിമാനത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതിയെ നിയമക്കുരുക്കിലാക്കിയതിനും ഇത് സംബന്ധിച്ച് പാണക്കാട് തങ്ങൾക്ക് നോട്ടീസ് ലഭിക്കുന്ന അവസ്ഥയുണ്ടാക്കിയതിനും ജില്ലാ നേതൃത്വത്തെ സംസ്ഥാന നേതൃത്വം വിമർശിച്ചതായാണ് അറിവ്. ഭൂമി കണ്ടെത്തുന്നതിലും രേഖകൾ പരിശോധിക്കുന്നതിലും ജില്ലാ നേതൃത്വം വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശം. സർക്കാറിൽ നിക്ഷിപ്തമായ പ്രത്യേക നടപടി പ്രകാരമാണ് ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഭൂമി ഏറ്റെടുത്തത്. ഇത് തന്നെ മാസങ്ങൾ നീണ്ട നിയമയുദ്ധതിന് ഒടുവിൽ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുകയായിരുന്നു. വസ്തുത ഇതായിരിക്കെ, തരംമാറ്റാൻ പ്രയാസമുള്ള തോട്ടം ഭൂമി തന്നെ ലീഗ് നേതൃത്വം എന്തിന് ഏറ്റെടുത്തുവെന്ന ചോദ്യമാണ് ഉയരുന്നത്. മുസ്‌ലിം ലീഗിന് പുറമെ പല സന്നദ്ധ സംഘടനകളുടെയും പുനരധിവാസ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. ഇതിൽ പലതിന്റെയും വീട് നിർമാണം പൂർത്തിയായി. ചിലത് അവസാനഘട്ടത്തിലാണ്. തോട്ടം ഭൂമിയിലല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത്. വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് ലീഗിന് മാത്രം പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് വിവരം.
അതേസമയം, നിയമക്കുരുക്കുകൾ ഏറെയുണ്ടെങ്കിലും ഈ മാസം അവസാനത്തോടെ പ്രവൃത്തി ആരംഭിക്കാൻ പാർട്ടി ലക്ഷ്യമിടുന്നതായും വിവരമുണ്ട്. നിയമതടസ്സങ്ങൾ നിലനിൽക്കെ പ്രവൃത്തിയിലേക്ക് കടക്കുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആശങ്കയും പങ്കുവെക്കുന്നുണ്ട്. സർക്കർ ഭൂമി തരംമാറ്റി നൽകണമെന്ന വാദമാണ് ലീഗ് നേതൃത്വം മുന്നോട്ടുവെക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ലീഗിന് മാത്രം തോട്ടം ഭൂമി തരംമാറ്റി നൽകാൻ സർക്കാറിന് കഴിയില്ല. ഇതിന് നിയമതടസ്സങ്ങളുണ്ട്. പ്രത്യേക പദ്ധതി എന്ന നിലയിൽ തരംമാറ്റി നൽകിയാൽ അടുത്ത ദിവസം മുതൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട്് ജില്ലയിലെ വിവിധ കോണുകളിൽ നിന്ന് ആശങ്ക ഉയരും. ഇത് സർക്കാറിനെയും പ്രതിസന്ധിയിലാക്കും.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് ഭവനസമുച്ചയം നിർമിക്കാൻ ലീഗ് തീരുമാനിച്ചത്. ഇതിന്റെ തറക്കല്ലിടൽ കർമം കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് നടന്നിരുന്നു. 11.27 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീട്. ഒരു കുടുംബത്തിന് എട്ട് സെന്റിൽ 1,000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്ന് മുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാകുമെന്നും നേതൃത്വം അറിയിച്ചിരുന്നു. എട്ട് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും പാർട്ടി നേതൃത്വം പറഞ്ഞിരുന്നു. തറക്കല്ലിടൽ നടന്നതല്ലാതെ പിന്നീട് ഒന്നും ഉണ്ടായില്ല.