Kerala
കുട്ടിയെ കണ്ടെത്താന്‍ ശ്രമിച്ച പോലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം; മുഖ്യമന്ത്രി
നിലമ്പൂര്‍ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ നിശ്ചയിച്ചത് ആരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറം| രാജ്യത്തിനാകെ സന്തോഷം നല്‍കിയ ദിവസമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തെ നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്തരാഖണ്ഡില്‍ തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സംഭവമാണ് ഒന്ന്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ച പോലീസിനും നാട്ടുകാര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേസമയം അന്വേഷണ വിവരം അപ്പപ്പോള്‍ കുറ്റവാളികള്‍ക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ ഉടന്‍ പിടികൂടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മികച്ച പ്രകടനം നടത്തി. അവരെയും മലപ്പുറത്തെയും വിമര്‍ശകര്‍ക്ക് പോലും പ്രശംസിക്കേണ്ടി വന്നു. കേരളത്തിനാകെ അഭിമാനമായ കാര്യമാണിത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തും. ഇതിനായി കൂടുതല്‍ സഹായം നല്‍കും. മലപ്പുറത്ത് രണ്ടു ദിവസത്തിനകം 31,601 നിവേദനങ്ങള്‍ ലഭിച്ചു.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ ഗവര്‍ണര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയാണോ കാണുന്നത് എന്ന് സംശയമുണ്ട്. സുപ്രീം കോടതിയുടെ തീരുമാനത്തിന് മുമ്പ് കൂടുതല്‍ പ്രതികരിക്കുന്നില്ല. നിലമ്പൂര്‍ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ നിശ്ചയിച്ചത് ആരാണെന്നും ഏതു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തിലായിരുന്നു. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് പിവി അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്. വിഷയത്തില്‍ പിവി അന്‍വറിനെ പിന്തുണച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.