Kerala
കോടിയേരി പ്രതിബദ്ധതയുടെ ആള്‍രൂപം; മാതൃക സൃഷ്ടിച്ച മഹാനായ കമ്മ്യൂണിസ്റ്റ്: സി പി എം സെക്രട്ടേറിയറ്റ്
പാര്‍ട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ട്ടിക്കായി സമര്‍പ്പിച്ചു.
തിരുവനന്തപുരം | ആശയപരമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രത്യയശാസ്ത്ര മികവ് കാണിച്ച ജ്വലിക്കുന്ന നേതാവായിരുന്നു കോടിയേരിയെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അചഞ്ചലമായ പാര്‍ട്ടി കൂറ്, പ്രതിബദ്ധത എന്നിവയെല്ലാം കൊണ്ട് മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യൂണിസ്റ്റുകാരനായിരുന്നു കോടിയേരി. വിദ്യാര്‍ഥി യുവജന രംഗങ്ങളിലൂടെ പാര്‍ട്ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്നു. ത്യാഗപൂര്‍ണവും, യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ട്ടിക്കായി സമര്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ ഡി എഫിന് ഉറപ്പാക്കുന്ന വിധം നേതൃപരമായി ഇടപെട്ടു. കടുത്ത ശാരീരിക വിഷമതകള്‍ പോലും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസമാവരുത് എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു സഖാവിന്.
വിഭാഗീയതകളെ ചെറുത്തു. പാര്‍ട്ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ട്ടിയെ സംരക്ഷിച്ചു. സി പി എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു.
സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയാണ് കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് അദ്ദേഹം വീണ്ടുമെത്തിയത്- സെക്രട്ടേറിയറ്റ് സന്ദേശത്തില്‍ പറഞ്ഞു.


