Connect with us

From the print

കെ എം ബഷീര്‍ കൊലപാതകം: പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ട് വെങ്കിട്ടരാമന്‍ നല്‍കിയ അപേക്ഷയില്‍ ഉത്തരവ് 31ന്

ജാമ്യവ്യവസ്ഥയനുസരിച്ച് കോടതിയില്‍ നല്‍കിയ പാസ്സ്പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയാണ് ഉത്തരവ് പറയാനായി മാറ്റിയത്.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി 31 ലേക്ക് മാറ്റി.

ജാമ്യവ്യവസ്ഥയനുസരിച്ച് കോടതിയില്‍ നല്‍കിയ പാസ്സ്പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയാണ് ഉത്തരവ് പറയാനായി മാറ്റിയത്.

തിരുവനന്തപുരം നാലാം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ പാസ്സ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരുന്നത്. ചില ഔദ്യോഗിക യാത്രകളുള്ളതിനാല്‍ പാസ്സ്പോര്‍ട്ട് പുതുക്കിയ ശേഷം യാത്രക്ക് അനുമതി വേണമെന്നും അപേക്ഷയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പ്രതിയുടെ ഇത്തരം ആവശ്യങ്ങള്‍ അനുവദിച്ചുനല്‍കിയാല്‍ അത് വിചാരണയെ ബാധിക്കുമെന്നും ഇത് കണക്കിലെടുത്ത് ആവശ്യം തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗതിയില്‍ ഓടിച്ച കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം പബ്ലിക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം. സംഭവ സമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം പെണ്‍സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു.