KM BASHEER MURDER
കെ എം ബഷീര്‍ കൊലപാതകം: നിയമസഭാ ചോദ്യം ഉദ്യോഗസ്ഥര്‍ പേനകൊണ്ട് തിരുത്തി
സഭാ രേഖകളിലും ശ്രീറാമിന് സംരക്ഷണം തീര്‍ക്കാന്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം | കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ നിയമസഭാ ചോദ്യത്തിലും ഐ എ എസ് ലോബിയുടെ ഇടപെടല്‍. ഇന്നലെ സഭയില്‍ മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ധീന്‍ ഉന്നയിച്ച ചോദ്യമാണ് സഭാ രേഖകള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ തിരുത്തിയത്.
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു താഴേക്കാണുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി സദയം മറുപടിപറയുമോ എന്ന തലവാചകത്തിനു കീഴില്‍ രണ്ടു ചോദ്യങ്ങളാണ് ഷംസുദ്ധീന്‍ ചോദിച്ചത്.
ഇതില്‍ ചോദ്യം (എ) മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?, എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ എന്നായിരുന്നു. മാധ്യമങ്ങള്‍ക്കു വിതരണം ചെയ്ത ചോദ്യങ്ങളുടെ അച്ചടിച്ച രേഖയില്‍ ഈ ചോദ്യം ഉദ്യോഗസ്ഥര്‍ പേനകൊണ്ടു തിരുത്തി ‘കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട് ‘ എന്നാക്കിയിട്ടുണ്ട്.
ഇതില്‍ ചോദ്യം നമ്പര്‍ (ബി) പ്രസ്തുത കേസില്‍ അതിവേഗം വിചാരണ നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ, വ്യക്തമായ മറുപടി ലഭ്യമാക്കുമോ? എന്നും ചോദിച്ചിരുന്നു.
നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ വിഭാഗത്തില്‍ ആയതിനാല്‍ ഈ ചോദ്യം എം എല്‍ എക്ക് സഭയില്‍ ചോദിക്കാന്‍ കഴിയില്ല.
തെളിയിക്കപ്പെടാത്ത കുറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രയോഗമേ നടത്താന്‍ പാടുള്ളൂ എന്നതിനാലാണ് ചോദ്യം തിരുത്തിയതെന്നാണ് നിയമസഭാ ഉദ്യോഗസ്ഥര്‍ ചോദ്യം തിരുത്തിയ നടപടികളോടു പ്രതികരിച്ചത്.