Connect with us

governor

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം വേണം: ഗവര്‍ണര്‍

ഭാവി തലമുറക്ക് പര്യാപ്തമായ രീതിയില്‍ സര്‍വകലാശാലകള് സജ്ജമാകണം

Published

|

Last Updated

തിരുവനന്തപുരം|  കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിയേറുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് വേണ്ട സൗകര്യം ഇവിടെ വേണം. ഭാവി തലമുറക്ക് പര്യാപ്തമാവും വിധം കേരളത്തിലെ സര്‍വകലാശാലകളെ സജ്ജമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്‌സ് പുരസ്‌കാര ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖലയെ പോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും മെച്ചപ്പെടണം. കേരളത്തിന്റെ ഭാവി സാധ്യതകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ട് പോക്കിനെ ആശ്രയിച്ചാണ്. ഭൗതികവും കലാപരവും ധാര്‍മികവും നീതി ശാസ്ത്രപരവുമായ പാരമ്പര്യവും സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സര്‍വകലാശാല. ഇത് രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പൂര്‍ത്തിയാവുന്നതോടെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക വിദ്യ ഫലവത്താവും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പൂര്‍ണമായും ഫലപ്രാപ്തി നേടുന്നതിന് അധ്യാപക പരിശീലനം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

 

 

Latest