editorial
കടല്‍ മണല്‍ ഖനനത്തിനെതിരെ കേരളം ഒന്നിക്കണം
പരിസ്ഥിതിയെ ബാധിക്കാനിടയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താറുണ്ട്. എന്നാല്‍ കടല്‍ മണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ, തീരദേശ ആവാസ വ്യവസ്ഥ, സമുദ്ര ജൈവ വൈവിധ്യം, തീരദേശ നിവാസികളെ അതെങ്ങനെ ബാധിക്കും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചോ സമഗ്ര പഠനം നടന്നിട്ടില്ല.

കടല്‍ മണല്‍ ഖനനത്തിനെതിരെ സംസ്ഥാനത്ത് തീരദേശ ഹര്‍ത്താല്‍ നടക്കുകയാണിന്ന്്. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിന് ഇടത്, വലത് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മതസംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കടല്‍ തീരങ്ങളില്‍ നിന്ന് മണല്‍ ഖനനം ചെയ്യുന്നതിന് കോര്‍പറേറ്റ് കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് സമരം.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി എസ് ഐ) നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്ര നീക്കം. കൊല്ലം, ആലപ്പുഴ, കൊച്ചി, ചാവക്കാട്, പൊന്നാനി കടല്‍ തീരങ്ങളില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയും അതിനപ്പുറം എക്‌സ്‌ക്ലൂസീവ് ഇക്കോണമി സോണിലും വന്‍തോതിലുള്ള മണല്‍ ശേഖരം കണ്ടെത്തുകയുണ്ടായി ജി എസ് ഐ. 22 മുതല്‍ 45 വരെ മീറ്റര്‍ ആഴത്തില്‍ മികച്ച ഗുണനിലവാരമുള്ള 750 ദശലക്ഷം ടണ്‍ മണലുണ്ടെന്നാണ് ജി എസ് ഐയുടെ നിഗമനം. ഇത് പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ മെട്രിക് ടണ്‍ എന്ന തോതില്‍ ഏകദേശം 25 വര്‍ഷത്തേക്ക് കേരളത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാണ്.
തുടക്കത്തില്‍ വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ നീളുന്ന കൊല്ലം തീരത്തെ 85 കി.മീറ്ററിനെ മൂന്ന് ബ്ലോക്കുകളായി തിരിച്ച് മണല്‍ ഖനനം ചെയ്യാനാണ് നീക്കം. രാജ്യത്തെ 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും ഉത്പാദന ക്ഷമതയുള്ള മേഖലയാണ് കൊല്ലം പരപ്പ്. സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളില്‍ നാലിലൊന്നും ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഖനനം ഈ മേഖലയിലെ മത്സ്യസമ്പത്തിനെയും തൊഴിലാളികളെയും ബാധിക്കും. കടല്‍ തീരത്തിന്റെ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അവകാശം സംസ്ഥാനത്തിനായിരുന്നു ഇക്കാലമത്രയും. കടല്‍ ഖനനത്തിന്റെ അവകാശം പൊതുമേഖലക്കായിരിക്കണമെന്ന് 2002ലെ ഓഫ്‌ഷോര്‍ മിനറല്‍സ് ഡെവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ഖനന നിയമം അനുശാസിക്കുകയും ചെയ്യുന്നു. 2023ല്‍ വരുത്തിയ ഭേദഗതിയിലൂടെ ഈ അവകാശങ്ങള്‍ കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ടാണ് കടല്‍ ഖനനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ഭേദഗതി പ്രകാരം ഖനന ധാതുവിഭവങ്ങളില്‍ നിന്നുള്ള റോയല്‍റ്റി പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിനായിരിക്കും. ഏകദേശം 35,000 കോടി രൂപയാണ് റോയല്‍റ്റി ഇനത്തില്‍ കേന്ദ്രത്തിന് ലഭ്യമാകുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍.
മണല്‍ ഖനനം കടലിന്റെ ജൈവ വൈവിധ്യത്തെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ പക്ഷം. കരയിലെ പോലെ തന്നെ ജൈവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് കടലും അതിന്റെ അടിത്തട്ടും. സസ്യപ്ലവങ്ങള്‍, ജന്തുപ്ലവങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കടലിലെ ആവാസ വ്യവസ്ഥ. വലിയ യന്ത്രങ്ങളുപയോഗിച്ചു നടത്തുന്ന കടല്‍ ഖനനത്തെ തുടര്‍ന്ന് അടിത്തട്ടിലുള്ള ചെളി ഇളകി വെള്ളം കലങ്ങുകയും പ്രകാശ രശ്മികള്‍ക്ക് അടിത്തട്ടിലേക്ക് പോകാനാകാതെ വരികയും ചെയ്യുമ്പോള്‍ ആവാസ വ്യവസ്ഥ താറുമാറാകും. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുകയും മത്സ്യസമ്പത്ത് വന്‍തോതില്‍ നശിക്കാന്‍ ഇടയാക്കുകയും ചെയ്യും. സ്വകാര്യ വ്യക്തികള്‍ ലേലം ചെയ്‌തെടുക്കുന്ന സ്ഥലത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത വിധം കടുത്ത നിയന്ത്രണങ്ങള്‍ വരും. വന്‍തോതില്‍ കടലാക്രമണം നടക്കുന്ന തീരമാണ് കേരളത്തിന്റേത്. തീരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനു ടണ്‍ മണല്‍ ഊറ്റിയെടുത്താല്‍ കരയില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടല്‍ വലിച്ചെടുക്കും. ഇതോടെ കടല്‍ കരയിലേക്ക് കടന്നു കയറി തീര ഗ്രാമങ്ങളെ വിഴുങ്ങാനും സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യം കയറ്റി അയച്ച 63,963.14 കോടി രൂപയുടെ മത്സ്യത്തില്‍ 8,285.03 കോടി രൂപയുടെ മത്സ്യം കേരള തീരങ്ങളില്‍ നിന്ന് പിടിച്ചതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്നതും കേരളീയരാണ്. ഈ സാഹചര്യത്തില്‍ കടല്‍ മണല്‍ ഖനനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും കേരളീയന്റെ ആഹാര ലഭ്യതയെയും അതുവഴി സമൂഹത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ തന്നെ കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും കേരളത്തിന്റെ മത്സ്യസമ്പത്തിന് ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ സമുദ്രത്തില്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തുകയും 2050 ആകുമ്പോഴേക്ക് സ്ഥിതി കൂടുതല്‍ വഷളാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വര്‍ഷത്തില്‍ 200 മുതല്‍ 250 വരെ ദിവസം നീണ്ടുനില്‍ക്കുന്ന ഉഷ്ണ തരംഗങ്ങള്‍ മൂലം മത്സ്യങ്ങള്‍ വന്‍തോതില്‍ നശിച്ചേക്കുമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ എക്‌സ്‌ചേഞ്ചിന്റെ 2022ലെ റിപോര്‍ട്ടില്‍ പറയുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി എം എഫ് ആര്‍ ഐ) അടുത്തിടെ 60 ഇനം മത്സ്യങ്ങളില്‍ നടത്തിയ പഠനത്തില്‍, അവയില്‍ 70 ശതമാനത്തോളം വംശനാശം നേരിടുന്നതായി കണ്ടെത്തി. കേന്ദ്രം മണലൂറ്റിന് അനുമതി നല്‍കുക കൂടി ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആശങ്കിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തീരദേശവാസികള്‍ പ്രക്ഷോഭ രംഗത്തിറങ്ങിയത്.
സാധാരണഗതിയില്‍ പരിസ്ഥിതിയെ ബാധിക്കാനിടയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താറുണ്ട്. എന്നാല്‍ കടല്‍ മണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ, തീരദേശ ആവാസ വ്യവസ്ഥ, സമുദ്ര ജൈവ വൈവിധ്യം, തീരദേശ നിവാസികളെ അതെങ്ങനെ ബാധിക്കും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചോ സമഗ്ര പഠനം നടന്നിട്ടില്ല. കേരളത്തിന്റെ സമ്പദ് ഘടനയെയും ജനങ്ങളെയും ബാധിക്കുന്ന കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ തീരദേശ നിവാസികള്‍ക്കൊപ്പം പൊതുസമൂഹവും പങ്കുചേരേണ്ടതുണ്ട്.