Connect with us

Malappuram

കളിക്കളത്തിലെ 'ചാട്ടുളി' കേരള പോലീസിന്റെ കാക്കിയഴിക്കുന്നു

എ സക്കീർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു

Published

|

Last Updated

മലപ്പുറം | കേരള പോലീസിന്റെ സുവർണ താരങ്ങളിലൊരാൾ, കളിക്കളത്തിലെ വേഗതകൊണ്ടും ചടുലതകൊണ്ടും “ചാട്ടുളി’യെന്ന ഓമനപ്പേരിൽ അറിയപ്പെട്ട മലപ്പുറം എം എസ് പി ഡെപ്യൂട്ടി കമാണ്ടന്റ് എ സക്കീർ ഔദ്യോഗിക ജീവതത്തിൽ നാളെ ബൂട്ടഴിക്കുന്നു. 37 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് നാളെ സക്കീർ വിരമിക്കുന്നത്.

കേരള ഫുട്‌ബോളിന്റെ പ്രതിഭാ ഫാക്ടറിയായ അരീക്കോടിന്റെ സംഭാവനായാണ് സക്കീർ. യു പി പഠനം മൂർക്കനാട് സ്‌കൂളിലായിരുന്നു. ഹൈസ്‌കൂളിലേക്ക് ചങ്ങനാശ്ശേരി എൻ എസ് എസ് സ്പോട്സ് സ്‌കൂളിലെത്തി. അവിടെ നിന്നാണ് ഫുട്ബോൾ കരിയറിന്റെ ആരംഭം. സ്റ്റേറ്റ് സബ്ജൂനിയർ, റൂറൽ സ്റ്റേറ്റ് ടീമുകളിൽ കളിച്ചു. സ്‌കൂൾ പഠനകാലത്തെ കളി ക്രൈസ്റ്റ് ഇരിഞ്ഞാലക്കുടയുടെ കൊളജ് ടീമിലെത്തിച്ചു. അപ്പോഴേക്കും മികച്ചൊരു ഫുട്ബോൾ താരമായി സക്കീർ മാറിയിരുന്നു. 1984ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി അഖിലേന്ത്യാ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായപ്പോൾ സക്കീർ നിർണായക റോളിലുണ്ടായിരുന്നു.

യൂനിവേഴ്സിറ്റിക്കായി കളിച്ച ആദ്യ വർഷം തന്നെ അഖിലേന്ത്യാ കിരീടം. ചാമ്പ്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും സക്കീറായിരുന്നു.
ഹാഫ് ബാക്ക് പൊസിഷനിലാണ് കളത്തിൽ നിറഞ്ഞത്. യു ഷറഫലി, സിവി പാപ്പച്ചൻ, ബെന്നി, രഞ്ജിത്ത്, ടൈറ്റാനിയം അഷറഫ്, ജോഷ്വ, അനിൽ കെൽട്രോൺ, സറ്റാൻലി തുടങ്ങിയവരായിരുന്നു യൂനിവേഴ്സിറ്റി ടീമിലെ സഹകളിക്കാർ. അഖിലേന്ത്യാ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായ ടീമിനെ ഏവരും ശ്രദ്ധിച്ചു.

അന്നത്തെ സംസ്ഥാന പോലീസ് മേധാവി എം കെ ജോസഫാണ് പോലീസിലേക്ക് ക്ഷണിക്കുന്നത്. 1984ൽ ഹവിൽദാറായി തുടങ്ങി കേരള പോലീസിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കറിലൊരാളായി പിന്നീട് സക്കീർ. 1988,1989 വർഷങ്ങളിൽ അഖിലേന്ത്യാ പോലീസ് ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമായി. 1990ൽ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. 1991ൽ കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ കേരള പോലീസ് മുത്തംവെക്കുമ്പോൾ ടീമിന്റെ ടോപ് സ്കോററായിരുന്നു സക്കീർ.
എസ് എ പി, കെ എ പി, ആർ ആർ, ആർ എഫ് എം, എസ് ബി സി ഐ ഡി(സെക്യൂരിറ്റി), മറൈൻ എൻഫോഴ്‌സ്‌മെന്റ, കരിപ്പൂർ വിമാനത്താവളം എന്നിവടങ്ങളിൽ ജോലിചെയ്തശേഷമാണ് എം എസ് പിയിൽ ഡെപ്യൂട്ടി കമാന്‍ഡന്റായി പ്രവേശിക്കുന്നത്.

അരീക്കോട് തെരട്ടമ്മൽ ഈസ്റ്റ് വടക്കുമുറി സ്വദേശിയായ വീരാൻകുട്ടിയുടെയും ഐശുമ്മയുടെയും മകനായിട്ടായിരുന്നു ജനനം. ഭാര്യ റസീന. മക്കൾ: മുഹമ്മദ് റാസിൽ, മുഹമ്മദ് റിസ്്വാൻ, റിയ സക്കീർ.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest