Connect with us

Articles

അവഗണനയുടെ ട്രാക്കിലാണ് കേരളമിപ്പോഴും

കേരളത്തില്‍ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് നിര്‍ത്തലാക്കുകയും വെട്ടിക്കുറക്കുകയും ചെയ്തിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ കൊവിഡ് പ്രതിസന്ധി നീങ്ങിയ ശേഷവും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാകട്ടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പാസ്സഞ്ചര്‍ ട്രെയിനുകള്‍ നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് മെമു സര്‍വീസാക്കിയാണ് ഇപ്പോള്‍ ഓടുന്നത്.

Published

|

Last Updated

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയും വിവേചനവും മറ്റ് മേഖലകളിലെന്നതുപോലെ ട്രെയിന്‍ യാത്രയുടെ കാര്യത്തിലും തുടരുകയാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വെട്ടിച്ചുരുക്കിയും റെയില്‍വേ സ്റ്റേഷനുകളെ തരംതാഴ്ത്തിയും ട്രെയിനുകളുടെ സ്ഥലം മാറ്റിയും യാത്രാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുമൊക്കെ ഇവിടുത്തെ ട്രെയിന്‍ യാത്രക്കാരെ എത്രകണ്ട് ദ്രോഹിക്കാമോ അത്രയൊക്കെ ഉപദ്രവിച്ചുകൊണ്ടാണ് റെയില്‍വേ അധികൃതര്‍ മുന്നോട്ടുപോകുന്നത്. കേരളത്തില്‍ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് നിര്‍ത്തലാക്കുകയും വെട്ടിക്കുറക്കുകയും ചെയ്തിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ കൊവിഡ് പ്രതിസന്ധി നീങ്ങിയ ശേഷവും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാകട്ടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പൊതുവെ യാത്രാ നിരക്കുകള്‍ കുറച്ച് യാത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്താതിരുന്ന പാസ്സഞ്ചര്‍ ട്രെയിനുകള്‍ നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് മെമു സര്‍വീസാക്കിയാണ് ഇപ്പോള്‍ ഓടുന്നത്. പാസ്സഞ്ചറായി ഓടിയിരുന്ന സമയത്തുണ്ടായിരുന്ന ദൂരവും സമയക്രമവും തന്നെയാണ് മെമു സര്‍വീസിനുമുള്ളത്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നിര്‍ത്തുകയും ചെയ്യുന്നു. ഡോറുകളും സീറ്റുകളും പരിഷ്‌കരിച്ചുവെന്നല്ലാതെ പാസ്സഞ്ചറില്‍ യാത്ര ചെയ്തിരുന്ന സമയത്തിനുള്ളില്‍ മാത്രമേ മെമുവിലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുകയുള്ളൂ. പേര് മാറ്റി ട്രെയിന്‍ യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയെന്ന തന്ത്രമാണ് മെമു സര്‍വീസിലൂടെ റെയില്‍വേ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ തരംതിരിച്ച് തരംതാഴ്ത്തുന്ന രീതി റെയില്‍വേയുടെ മറ്റൊരു ക്രൂരവിനോദമാണ്. ഇത്തരം സ്റ്റേഷനുകളില്‍ ഭൂരിഭാഗം ട്രെയിനുകളും നിര്‍ത്താതെ പോകുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം അടുത്തിടെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാണ് തരംതാഴ്ത്തിയത്. മുമ്പ് ഈ സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്ന പല ട്രെയിനുകളും ഇപ്പോള്‍ നിര്‍ത്താതെ പോകുകയാണ്. സംസ്ഥാനത്തെ മറ്റ് റെയില്‍വേ സ്റ്റേഷനുകളോടും അവഗണനയാണ് കാണിക്കുന്നത്. യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ പ്രധാന റെയില്‍വേ സ്റ്റേഷനുകളെ പോലും നോക്കുകുത്തികളാക്കി മാറ്റുന്നു. തെറ്റായ റിപോര്‍ട്ടുകള്‍ നല്‍കി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ നിര്‍ജീവമാക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടറുകളെല്ലാം അടച്ചുപൂട്ടുന്ന സ്ഥിതിയാണുള്ളത്. വന്‍ ജനത്തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നും നാലും കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുമ്പോഴും ഒരു കൗണ്ടര്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പോലുമുണ്ട്. ഇതുകാരണം തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ ഏറെ കാലതാമസം വേണ്ടിവരുന്നു. ടിക്കറ്റ് എടുത്തു കഴിയുമ്പോഴേക്കും ഉദ്ദേശിച്ച ട്രെയിന്‍ കടന്നുപോയിട്ടുണ്ടാകും. സമയത്ത് എത്തേണ്ട പലരും ടിക്കറ്റെടുക്കാതെ തന്നെ ട്രെയിനിലേക്ക് ഓടിക്കയറേണ്ട സ്ഥിതിയാണ്. പ്ലാറ്റ്ഫോമിലൂടെ വെപ്രാളപ്പെട്ട് ട്രെയിന്‍ കയറാനുള്ള ഓട്ടം അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാസര്‍കോട് ജില്ലയിലെ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍പ്പെട്ട കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള തത്കാല്‍ അടക്കമുള്ള ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രാവിലെ മുതല്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിന്നീടാണ് ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തലാക്കിയതായി വ്യക്തമായത്. മുന്നറിയിപ്പ് പോലുമില്ലാതെ കൗണ്ടര്‍ അടച്ചതിനാല്‍ ഇക്കാര്യം അറിയാതെയാണ് യാത്രക്കാര്‍ ടിക്കറ്റ് റിസര്‍വേഷനെത്തുന്നത്. ഇന്ത്യക്കകത്തും പുറത്തും നിന്ന് ടൂറിസത്തിന്റെ ഭാഗമായി ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ ഇവിടെയെത്തുന്നുണ്ട്. വിദേശികള്‍ അടക്കമുള്ളവര്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ പരിമിതമായ ടിക്കറ്റ് വിതരണ സമ്പ്രദായം കാരണം വലയുന്നു. കോട്ടിക്കുളത്ത് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

സാധാരണ ടിക്കറ്റുകള്‍ നല്‍കുന്നതിനായി എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സ്വകാര്യ വ്യക്തികളെ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റോപ്പുള്ള ട്രെയിനുകള്‍ക്ക് സാധാരണ ടിക്കറ്റുകള്‍ നല്‍കാന്‍ വേണ്ടിയാണ് നിലവില്‍ കൗണ്ടറുകള്‍ തുറക്കുന്നത്. റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സ്വകാര്യവത്കരണത്തിലൂടെ മാത്രമേ റെയില്‍വേ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുകയുള്ളൂവെന്ന് കാണിക്കാനാണ് കൗണ്ടറുകള്‍ വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. സ്വകാര്യവത്കരണം നടപ്പാക്കി പ്രശ്‌നം പരിഹരിക്കൂ എന്ന നിലവിളിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള അടവ് കൂടിയായി ഇതിനെ കാണണം.

ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്ന ദുരവസ്ഥക്ക് മാറ്റമില്ലാത്തതും ട്രെയിന്‍ യാത്രക്കാരെ മടുപ്പിക്കുകയാണ്. കേരളത്തില്‍ പാളങ്ങള്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡ് സര്‍വീസുണ്ടെങ്കില്‍ അവിടങ്ങളിലെല്ലാം മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് ട്രെയിനുകള്‍ക്ക് സുഗമമായി പോകാനുള്ള സാഹചര്യമുണ്ടാക്കാന്‍ കേന്ദ്രം താത്പര്യം കാണിക്കുന്നില്ല. ചിലയിടങ്ങളില്‍ മാത്രമാണ് മേല്‍പ്പാലങ്ങളുള്ളത്. അമിത നിരക്ക്, ട്രെയിനുകളുടെ വൈകിയോട്ടം, ടിക്കറ്റ് കൗണ്ടറുകളുടെ കുറവ് തുടങ്ങിയവ കാരണം ദുരിതമനുഭവിക്കുന്ന യാത്രക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി മണിക്കൂറുകളോളം ട്രെയിനുകള്‍ ഇല്ലാത്ത അവസ്ഥയാണ്. പകല്‍ നേരങ്ങളില്‍ ട്രെയിന്‍ കിട്ടാന്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നു. ട്രെയിന്‍ യാത്രയോട് മുഖം തിരിക്കാന്‍ ഇത് പല യാത്രക്കാരെയും പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ റെയില്‍വേ നടപ്പാക്കേണ്ട പല വികസന പദ്ധതികളും സ്തംഭനാവസ്ഥയിലാണ്. കേരളത്തില്‍ വരേണ്ട അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കൊച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത തുടങ്ങിയ പദ്ധതികള്‍ കേന്ദ്രത്തിന്റെ നിഷേധാത്മക നയം കാരണം മുടങ്ങിയിരിക്കുകയാണ്. എറണാകുളത്തിനും ഷൊര്‍ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. അമൃത എക്‌സ്പ്രസ്സ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി അനുവദിക്കുന്ന കാര്യത്തിലും റെയില്‍വേ മുഖം തിരിച്ചുനില്‍ക്കുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍ എച്ച് ബി കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിര്‍ദേശം, കൊല്ലം, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും അനിശ്ചിതത്വമാണുള്ളത്. അവഗണനയുടെ ട്രാക്കില്‍ ചതഞ്ഞരയുന്ന അവകാശങ്ങളെ നോക്കി നെടുവീര്‍പ്പിടാനേ കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് കഴിയുന്നുള്ളൂ. കേരളത്തിലെ എം പിമാര്‍ക്ക് ഇക്കാര്യങ്ങളില്‍ എത്രമാത്രം ഇടപെടാന്‍ സാധിച്ചുവെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.