Malappuram
ചരിത്രശേഷിപ്പുകളുടെ സൂക്ഷിപ്പുകാരൻ
പഴയകാല പത്രശേഖരണങ്ങൾ, മാസികകൾ, വാരികകൾ, നൂറിൽ പരം രാജ്യങ്ങളുടെ കറൻസികൾ, സമ്മേളന പോസ്റ്ററുകൾ അടക്കം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അമൂല്യനിധികൾ ശാഹിദിന്റെ കൂടെപിറപ്പാണ്.
മലപ്പുറം | ഓർമകളുടെ വശ്യമനോഹരിതമായ ഗന്ധവും അവയുടെ ചരിത്രശേഷിപ്പുകളും പേറി ജീവിതം ആസ്വദിക്കുകയും അതിനായി മൂല്യവത്തായ സമയം മാറ്റിവെക്കുകയും ചെയ്ത പ്രാദേശിക ചരിത്ര അന്വേഷകനാണ് മലപ്പുറം വടക്കേമണ്ണ സ്വദേശി ശാഹിദ് ഫാളിലി. പഴയകാല പത്രശേഖരണങ്ങൾ, മാസികകൾ, വാരികകൾ, നൂറിൽ പരം രാജ്യങ്ങളുടെ കറൻസികൾ, സമ്മേളന പോസ്റ്ററുകൾ അടക്കം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അമൂല്യനിധികൾ ശാഹിദിന്റെ കൂടെപിറപ്പാണ്.
ഹൈസ്കൂൾ കാലഘട്ടം മുതൽ ആരംഭിച്ച ശേഖരണത്തിന് ഏറ്റവും പ്രചോദനമായത് പിതാവ് മുഹമ്മദ് യൂസുഫ് ഹാജിയാണ്. പിതാവിന്റെ മാസികകളും പഴയകാല പുസ്തകങ്ങളും കണ്ടാണ് ശാഹിദ് വളർന്നത്. പഴയകാല പണ്ഡിതന്മാരുടെയും ഉസ്താദുമാരുടെയും അനുസ്മരണ പേജുകൾ സ്വരൂപിച്ച് ഒരു പുസ്തകം തയ്യാറാക്കണമെന്ന അതിയായ മോഹം ശേഖരണത്തിനൊരു മുതൽക്കൂട്ടായി. പിതാവിന്റെ സഹോദരന്മാരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോഹത്തിന്റെ തീവ്രത മനസ്സിലാക്കി അവരാൽ കഴിയുന്ന സഹായങ്ങളും ചെയ്തതോടെ ശേഖരണം ജീവിതത്തിന്റെ ഭാഗമായി മാറി.
മുൻ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും സമസ്ത പണ്ഡിതന്മാരുടെയും നേതാക്കളുടെയും വിയോഗവാർത്തകൾ ശേഖരണത്തിൽ പ്രധാനപ്പെട്ടതാണ്. സമസ്തയുടെ വിവിധ സമ്മേളനങ്ങളുടെയും വാർത്താശേഖരണങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. തിരുവിതാംകൂർ രാജവംശ കാലഘട്ടത്തിലെ നാണയങ്ങളും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്തിലെ നാണയങ്ങളും അതിൽ ഉൾപ്പെടുന്നു.
ചരിത്രവായനയിലും പഠനത്തിലും അതീവതാത്പര്യമുള്ള ശാഹിദ് ഫാളിലി മലപ്പുറം പ്രാദേശിക ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം ഉൾക്കൊള്ളിച്ച് “മലപ്പുറം ദേശത്തിന്റെ ഇന്നലെകൾ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മലപ്പുറം പ്രദേശത്തിന്റെ സ്ഥലനാമങ്ങളുടെ പിന്നിലുള്ള രഹസ്യങ്ങൾ, നഗരരൂപവത്കരണം, സമരപോരാട്ടങ്ങൾ, മലപ്പുറം നേർച്ച, വ്യാപാരബന്ധങ്ങൾ എന്നിവയെല്ലാം പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
മഅ്ദിൻ അക്കാദമിയിലെ പത്താം ക്ലാസ്സ് പഠനത്തിന് ശേഷം കോഡൂർ മുഹമ്മദ് അഹ്‌സനിയുടെ മുള്ഹിറുസ്സുന്ന ദർസിൽ വിദ്യാർഥിയായിരുന്നു. തുടർന്ന് തെന്നല സി എം മർകസിൽ നിന്ന് കോട്ടൂർ കുഞ്ഞമ്മു മുസ്്ലിയാർ ശിക്ഷണത്തിൽ ഫാളിലി ബിരുദം കരസ്ഥമാക്കുകയും അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.


