Kerala
കട്ടപ്പന മാലിന്യ ടാങ്ക് അപകടം: കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി| ഇടുക്കി കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം സംബന്ധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മാണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. പോലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടിയുണ്ടാകും.
കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് മൂന്ന് തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട് കമ്പം സ്വദേശിയായ ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിഷ വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്ത് വാതകം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ജയരാമന്‍ കരാര്‍ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേര്‍ന്ന് മാലിന്യം നീക്കം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. മൈക്കിള്‍ ആണ് മാലിന്യ ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത്. മൈക്കിള്‍ ടാങ്കിനുള്ളില്‍ കുടുങ്ങി എന്ന് മനസ്സിലാക്കിയതോടെ രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യന്‍. രണ്ടു പേരും ബോധം കെട്ട് വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. ഓക്‌സിജന്റെ അളവ് കുറവുള്ള ടാങ്കില്‍ മൂന്നു പേരും പെട്ട് പോകുകയായിരുന്നു.