Connect with us

wild elephant attack

കക്കാട്ടാറ് മുറിച്ചു കടന്ന് കാട്ടാന ചിറ്റാറിൽ കൃഷിനാശമുണ്ടാക്കി

ആന രാവിലെ ഏഴേകാലോടെ വന്ന വഴിയെ തിരികെ നദി മുറിച്ചു കടന്ന് വനത്തിലേക്ക് കയറി.

Published

|

Last Updated

ചിറ്റാര്‍ | ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന, ചിറ്റാര്‍ കുമരംകുന്നിലും പഴയ ബംഗ്ലാവിന്റെ പരിസരങ്ങളിലും കനത്ത കൃഷിനാശമുണ്ടാക്കി. ചൊവ്വാഴ്ച സന്ധ്യയോടെയാണ് റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന രാജാമ്പാറ സ്റ്റേഷന്‍ പരിധിയിലുള്ള വനമേഖലയില്‍ നിന്നും ഇ ഡി സി എല്‍ അള്ളുങ്കല്‍ ഡാമിന് താഴെയായി കാട്ടാന കക്കാട്ടാറ് മുറിച്ചുകടന്നത്. തുടര്‍ന്ന് മത്തങ്ങാമലയിലെത്തിയ ആന രണ്ട് കിലോമീറ്ററില്‍ അധികം ഉള്ളിലേക്ക് കടന്ന് ഇതാദ്യമായി ജനവാസ കേന്ദ്രത്തിലേക്ക് കയറി. പുലര്‍ച്ചെ അവിടെ നിന്നും ചിറ്റാര്‍- സീതത്തോട് റോഡിന് സമീപം റബര്‍ തോട്ടത്തിനുള്ളില്‍ നിലയുറപ്പിച്ച ആന രാവിലെ ഏഴേകാലോടെ വന്ന വഴിയെ തിരികെ നദി മുറിച്ചു കടന്ന് വനത്തിലേക്ക് കയറി.

കഴിഞ്ഞ രണ്ടാഴ്ചയായി 10 പ്രായം തോന്നിക്കുന്ന കൊമ്പന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലെത്തി വാഴയടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുണ്ട്. വനത്തില്‍ നിന്ന് വൈകിട്ട് നാലരക്കും ആറ് മണിക്കും ഇടയില്‍ ആന ജനവാസ കേന്ദ്രത്തിലെത്തും. ഇവിടെ നിന്നാണ് ഇ ഡി സി എല്‍ അള്ളുങ്കല്‍ ഡാമിന് താഴെ കക്കാട്ടാറ് കടന്ന് മത്തങ്ങാമലയിലും പരിസരങ്ങളിലും എത്തുന്നത്. കാട്ടാനയുടെ സാന്നിധ്യം കുമരംകുന്നിലും പരിസര പ്രദേശങ്ങളിലും ഇത് ആദ്യമാണെന്ന് പ്രദേശവാസികളും പറയുന്നു.

കാട്ടാന നാട്ടിലിറങ്ങിയത് അറിഞ്ഞ് പുലര്‍ച്ചെ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രതീഷ് കെ വിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷിജു എസ് വി നായര്‍, എസ് എഫ് ഒമാരായ സുധീഷ്, സരിത എസ് ആര്‍, സൗമ്യ എസ് എസ്, എ പി രാമചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ജോര്‍ജ് എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതി ഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കാട്ടില്‍ ആന ഒറ്റപ്പെട്ടതാകാമെന്നും ജനവാസ മേഖലയിലെത്തുന്നത് തടയുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നും വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രതീഷ് കെ വി പറഞ്ഞു. എന്നാലും കാട്ടാന നിരന്തരമായ സാന്നിധ്യം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.

Latest