Connect with us

Articles

കശ്മീര്‍: ഡീലിമിറ്റേഷന്‍ സംഘ്പരിവാര്‍ പ്രൊജക്ടാണ്

2011ലെ സെന്‍സസ് പ്രകാരം കശ്മീരില്‍ 68.8 ലക്ഷവും ജമ്മുവില്‍ 53.5 ലക്ഷവും ജനസംഖ്യയാണുള്ളത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശത്തില്‍ ജനസംഖ്യ കുറവുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിന് ആറ് സീറ്റുകള്‍ അധികം നല്‍കിയപ്പോള്‍ ജനസംഖ്യ കൂടുതലുള്ള കശ്മീരിന് ഒരു സീറ്റ് മാത്രമാണ് അധികം നല്‍കിയത്. ഇതാണ് കമ്മീഷനെതിരെ കശ്മീരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരാന്‍ കാരണമായത്.

Published

|

Last Updated

ഒരു ചെറിയ ഇടവേളക്ക് ശേഷം കശ്മീര്‍ രാഷ്ട്രീയം വീണ്ടും മാധ്യങ്ങളുടെ ട്രെന്‍ഡിംഗ് ടാഗ് ലൈനില്‍ ഇടം പിടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ അസംബ്ലി മണ്ഡല പുനഃനിര്‍ണയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്റെ കരട് നിര്‍ദേശങ്ങള്‍ക്കെതിരെ കശ്മീരിലെ കോണ്‍ഗ്രസ്സ് ഒഴികെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സഖ്യമായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ ശ്രീനഗറില്‍ വെച്ച് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഡിസംബര്‍ 31 മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവരൊക്കെ ഇപ്പോള്‍ ഭരണകൂടത്തിന്റെ കരുതല്‍ തടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 2019 ആഗസ്റ്റില്‍ റദ്ദാക്കിയ ശേഷം അരക്ഷിതമായിരുന്ന രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു കശ്മീര്‍. അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി മണ്ഡല പുനഃനിര്‍ണയം നടത്തി 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഇതുവരെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനായി ഒരു വര്‍ഷം കാലാവധി നിശ്ചയിച്ച് 2020 മാര്‍ച്ച് ആറിന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നിലവില്‍ വരികയും ചെയ്തു. പക്ഷേ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാതെ വരികയും തുടര്‍ന്ന് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയുമാണുണ്ടായത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു ആന്‍ഡ് കശ്മീരില്‍ 2022ല്‍ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിടത്ത് നിന്നാണ് ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്.

എന്താണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍
2019ലെ കശ്മീര്‍ പുനഃസംഘടനാ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ 2022ലെ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനഃനിര്‍ണയം നടത്താന്‍ വേണ്ടി സ്ഥാപിതമായ ഭരണഘടനാ സംവിധാനമാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മയും എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവരെക്കൂടാതെ കമ്മീഷനില്‍ ജമ്മു ആന്‍ഡ് കശ്മീരിലെ അഞ്ച് എം പിമാരും അസ്സോസിയേറ്റ് അംഗങ്ങളാണ്. അതില്‍ മൂന്ന് അംഗങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും രണ്ട് അംഗങ്ങള്‍ ബി ജെ പിയില്‍ നിന്നുമാണ്. എന്നാല്‍ ഇവര്‍ക്ക് കമ്മീഷനില്‍ വോട്ടവകാശം ഇല്ല താനും. ഇത് കമ്മീഷന്റെ ജനാധിപത്യ സ്വഭാവത്തെ റദ്ദ് ചെയ്യുന്ന മറ്റൊരു വസ്തുതയാണ്.

കമ്മീഷന്റെ വിവാദമായ നിര്‍ദേശങ്ങള്‍
പഴയ ജമ്മു കശ്മീര്‍ സംസ്ഥാനത്ത് നിന്ന് ലഡാക്കിനെ വേര്‍തിരിച്ചതോടെ നിലവില്‍ ജമ്മു കശ്മീരും ലഡാക്കും ഭരണപരമായി രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. ഇതില്‍ ജമ്മു കശ്മീര്‍ ജമ്മു, കശ്മീര്‍ എന്നിങ്ങനെ രണ്ട് പ്രവിശ്യകളാണ്. അതില്‍ ജമ്മു ഹിന്ദു ഭൂരിപക്ഷ പ്രദേശവും കശ്മീര്‍ താഴ് വര മുസ്ലിം ഭൂരിപക്ഷ പ്രദേശവുമാണ്. 2011ലെ സെന്‍സസ് പ്രകാരം കശ്മീരില്‍ 68.8 ലക്ഷവും ജമ്മുവില്‍ 53.5 ലക്ഷവും ജനസംഖ്യയാണുള്ളത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശത്തില്‍ ജനസംഖ്യ കുറവുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിന് ആറ് സീറ്റുകള്‍ അധികം നല്‍കിയപ്പോള്‍ ജനസംഖ്യ കൂടുതലുള്ള കശ്മീരിന് ഒരു സീറ്റ് മാത്രമാണ് അധികം നല്‍കിയത്. ഇതാണ് കമ്മീഷനെതിരെ കശ്മീരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരാന്‍ കാരണമായത്. സാധാരണയായി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിന്റെ പ്രധാന പാരാമീറ്റര്‍ ജനസംഖ്യയാണ്. എന്നാല്‍ ഇവിടെ അത് പാലിക്കപ്പെട്ടില്ല എന്നുമാത്രമല്ല ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വിഷയങ്ങളാണ് അതിര്‍ത്തി നിര്‍ണയത്തില്‍ പ്രധാന മാനദണ്ഡമായി മാറിയിരിക്കുന്നത്. 20 ജില്ലകളെ മൂന്ന് വിശാലമായ വിഭാഗങ്ങളായി തരംതിരിച്ചതായി കമ്മീഷന്‍ അതിന്റെ കരട് നിര്‍ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്. അത് ഭൂമിശാസ്ത്രപരമായ അളവുകോല്‍ വെച്ചാണ് എന്നതും ശ്രദ്ധേയമാണ്.

2011ലെ സെന്‍സസ് പ്രകാരം കശ്മീരിലെ ജനസംഖ്യ ജമ്മുവിനേക്കാള്‍ 15 ലക്ഷം കൂടുതലാണ്. മൊത്തം ജനസംഖ്യയുടെ 56.2 ശതമാനമുള്ള കശ്മീരിന് പുതിയ നിയമസഭയില്‍ 52.2 ശതമാനം സീറ്റുകളും ജനസംഖ്യയുടെ 43.8 ശതമാനമുള്ള ജമ്മുവിന് 47.8 ശതമാനം സീറ്റുകളും ഉണ്ടായിരിക്കും. ഫലത്തില്‍ ഇത് കരട് നിര്‍ദേശം അനുസരിച്ചുള്ള 47 സീറ്റില്‍ നിന്ന് കശ്മീരിന് 51 ആയും ജമ്മുവിന് 43ല്‍ നിന്ന് 39 ആയുമാണ് മാറേണ്ടത്. ഇപ്പോള്‍ ജമ്മുവില്‍ 1,25,082 ആളുകള്‍ക്ക് ഒരു അസംബ്ലി സീറ്റ് ലഭിക്കുന്നു. അതേസമയം കശ്മീരില്‍ ഒരു അസംബ്ലി സീറ്റില്‍ ശരാശരി 1,46,563 പേരുണ്ട്. കണക്കില്‍ കശ്മീര്‍ പ്രവിശ്യയിലെ ഒരോ മണ്ഡലത്തിലും ഇരുപതിനായിരത്തിലധികം പേര്‍ക്ക് തങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയാണ്.

എന്താണ് സംഘ്പരിവാര്‍ അജന്‍ഡ?
തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്ക് അനുകൂലമായ നിലമൊരുക്കുക എന്ന ബി ജെ പിയുടെ ഹിഡന്‍ അജന്‍ഡയുടെ തെളിഞ്ഞു വന്ന വസ്തുതകള്‍ക്ക് നടുവിലാണ് കശ്മീര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ ഒരു സംഘ്പരിവാര്‍ മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കുക എന്ന സ്വപ്ന പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പ്രവര്‍ത്തന പദ്ധതിയെ നോക്കിക്കാണുന്നത്. നിലവില്‍ 37 സീറ്റുകള്‍ ജമ്മുവില്‍ നിന്നും 46 സീറ്റുകള്‍ കശ്മീരില്‍ നിന്നുമാണ്. എന്നാല്‍ കമ്മീഷന്‍ നിര്‍ദേശം നടപ്പായാല്‍ ജമ്മുവില്‍ 43ഉം കശ്മീരില്‍ 47ഉം എന്ന ക്രമത്തിലേക്ക് ഇത് മാറും. തങ്ങളുടെ ഭൂരിപക്ഷ പ്രദേശത്ത് കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിച്ച് അധികാരം പിടിക്കാമെന്ന രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ കശ്മീരില്‍ അരങ്ങേറുന്നത്. ജമ്മുമേഖലയിലെ ആറ് സീറ്റുകളില്‍ കത്വ, സാംബ, ഉദംപൂര്‍ എന്നിവിടങ്ങളില്‍ 85 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ അതിര്‍ത്തി നിര്‍ണയം അത്ര ലളിതവുമല്ല. കിഷ്ത്വാറില്‍ 40.72 ശതമാനം ഹിന്ദുക്കളും 57.75 ശതമാനം മുസ്ലിംകളുമാണ്. ദോഡയില്‍ 45.77 ശതമാനം ഹിന്ദുക്കളും 53.82 ശതമാനം മുസ്ലിംകളുമാണ്. രജൗരിയില്‍ യഥാക്രമം 34.45 ശതമാനം, 62.71 ശതമാനം എന്നതാണ് അനുപാതം. മാത്രവുമല്ല ഇവയൊക്കെയും 2014ല്‍ അവസാനമായി നടന്ന അസംബ്ലി തിരഞ്ഞെടുപ്പിലും 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് ആധിപത്യം കിട്ടിയ പ്രദേശങ്ങളാണ്. അതിനെ കുറേ കൂടി ശക്തമായ ഹിന്ദുത്വ ബെല്‍റ്റാക്കി നിലനിര്‍ത്താനാണ് ഈ വിഭജനം കൊണ്ട് ബി ജെ പി ലക്ഷ്യമിടുന്നത്.

കമ്മീഷന്‍ നിര്‍ദേശം നടപ്പാവുന്നതോടെ ജമ്മു കശ്മീരില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം 107ല്‍ നിന്ന് 114 ആയി ഉയരുകയും ചെയ്യും. ആയതില്‍ 24 സീറ്റുകള്‍ പാക് അധീന കശ്മീരിനായി നീക്കിവെച്ചവയാണ്. അതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ നിയമസഭയില്‍ 90 സീറ്റുകളാണുണ്ടാകുക. കേവല ഭൂരിപക്ഷത്തിന് വേണ്ടതാകട്ടെ 46 സീറ്റുകളും. അങ്ങനെ വരുമ്പോള്‍ ജമ്മുവില്‍ മാക്സിമം സീറ്റുകള്‍ പിടിച്ചാല്‍ കശ്മീര്‍ പ്രവിശ്യയില്‍ നിന്ന് ജയിച്ചു വരുന്ന സ്വതന്ത്രരുടെയോ മറ്റേതെങ്കിലും പ്രാദേശിക പാര്‍ട്ടിയുടെയോ സഹായത്തോടെ ബി ജെ പിക്ക് അധികാരത്തിലെത്താം. കഴിഞ്ഞ തവണ അസംബ്ലി തിരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടി ചരിത്രത്തിലാദ്യമായി ഭരണത്തില്‍ പങ്കാളിയായതിന്റെ ആത്മവിശ്വാസമാണ് ബി ജെ പിക്ക് ഊര്‍ജം നല്‍കുന്ന പ്രധാന ഘടകം. 2008ലെ അസംബ്ലി തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വോട്ടുവളര്‍ച്ചയാണ് 2014ല്‍ ബി ജെ പിക്കുണ്ടായത്. മാത്രവുമല്ല സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനവും അന്ന് ബി ജെ പിയുടേതായിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കുകയും 46.4 ശതമാനമായി വോട്ടിംഗ് ശതമാനം ഉയരുകയും ചെയ്തിരുന്നു. തൊട്ടുമുമ്പത്തെ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ 11 ശതമാനത്തിലധികം വോട്ടുവളര്‍ച്ചയും നേടിയിരുന്നു. ഈ കണക്കിലാണ് ബി ജെ പി ഇപ്പോള്‍ കണ്ണ് വെക്കുന്നത്. അധികാരം പിടിക്കാന്‍ ത്രിപുര മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും അത് നടപ്പാക്കാനും ബി ജെ പിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സന്നാഹങ്ങളുടെ ആവശ്യം വേണ്ടി വരില്ല.

ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മറ്റൊരു പ്രധാന നിര്‍ദേശം, പട്ടികവര്‍ഗ-പട്ടികജാതി വിഭാഗങ്ങള്‍ക്ക് യഥാക്രമം ഒമ്പത്, ഏഴ് എന്ന ക്രമത്തില്‍ സംവരണം നല്‍കണമെന്നതാണ്. ഈ കണക്കിലും ബി ജെ പിക്ക് സുന്ദരമായ മറ്റൊരു ഗെയിം പ്ലാനുണ്ട്. അത് കശ്മീര്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന പീര്‍പഞ്ചല്‍ മേഖലയിലെ പഹാരി ഗോത്രവര്‍ഗത്തെ പട്ടികവര്‍ഗമായി വിജ്ഞാപനം കൊണ്ടുവരിക എന്നതാണ്. മൂന്ന് പതിറ്റാണ്ടോളമായി പഹാരികള്‍ ഭരണകൂടത്തിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതിന് അനുകൂലമായ നിലപാടാണ് ഇപ്പോള്‍ ബി ജെ പിക്കുള്ളത്. എന്നാല്‍ മറ്റൊരു ഗോത്രവര്‍ഗമായ ഗുജ്ജാറുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. കശ്മീര്‍ ജനസംഖ്യയുടെ എട്ട് ശതമാനം മാത്രം വരുന്ന ഗുജ്ജാറുകളാണ് നിലവില്‍ കശ്മീരിലെ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ 80 ശതമാനവും എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രട്ടീഷ് കൊളോണിയല്‍ തന്ത്രമാണ് മോദി-അമിത് ഷാ ഭരണത്തില്‍ കശ്മീര്‍ കാണാനിരിക്കുന്നത്. കശ്മീര്‍ ജനത തമ്മില്‍ തല്ലാന്‍ തുടങ്ങുന്നതോടെ സ്വതന്ത്ര കശ്മീര്‍ എന്ന വാദത്തിനും ആര്‍ട്ടിക്കിള്‍ 370ന് വേണ്ടിയുള്ള മുറവിളികള്‍ക്കും ഒച്ച കുറയും എന്നതാണ് ബി ജെ പി ഇതിലൂടെ സ്വപ്നം കാണുന്നത്.

കശ്മീര്‍ സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം അവരുടെ ഓര്‍മകളില്‍ എന്നും തീ നിറക്കുന്ന ഒന്നാണ്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണ് ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നതും പിന്നീട് ബി ജെ പിയുടെ ആദ്യ രാഷ്ട്രീയ രൂപമായ ജനസംഘത്തിന്റെ രൂപവത്കരണം നടക്കുന്നതുമൊക്കെ.

ജനസംഘത്തിന്റെ രൂപവത്കരണ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്നത്. ഒരു രാഷ്ട്രത്തിനകത്ത് രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിയും രണ്ട് പതാകയുമൊന്നും വേണ്ടെന്ന വാദം ആദ്യമുയര്‍ത്തുന്നതും ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. കശ്മീര്‍ താഴ് വരയില്‍ സത്യഗ്രഹത്തിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ മുഖര്‍ജിയുടെ മരണവും സംഭവിക്കുന്നത്. മരണത്തില്‍ നെഹ്റുവിനെ പങ്കുചേര്‍ത്ത് കൊണ്ട് സംഘ്പരിവാര്‍ ടാബ്ലോയ്ഡുകള്‍ ഇപ്പോഴും പല കഥകളും പ്രചരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കശ്മീരിനെ പൂര്‍ണമായും തങ്ങളുടേതാക്കുക എന്നത് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സംഘ്പരിവാറിന്റെ 2025ലേക്കുള്ള പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കാം.

 

Latest