local body election 2025
കാസര്‍കോട് നഗരസഭ; പച്ചക്കോട്ടയില്‍ കരുത്ത് കാട്ടാന്‍ ലീഗ്; നില മെച്ചപ്പെടുത്താന്‍ ബി ജെ പി
ഇത്തവണയും നഗരസഭ മറുപക്ഷത്തേക്ക് ചായാനുള്ള സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കാസര്‍കോട് | ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ആടിയുലയാതെ മുസ്‌ലിംലീഗിനെ മാത്രം അധികാരത്തിലേറ്റിയ ചരിത്രമാണ് കാസര്‍കോട് നഗരസഭയുടേത്. ഇത്തവണയും നഗരസഭ മറുപക്ഷത്തേക്ക് ചായാനുള്ള സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മുഖ്യപ്രതിപക്ഷ സ്ഥാനത്തുള്ള ബി ജെ പി വാര്‍ഡ് പുനര്‍വിഭജനത്തിലാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. എല്ലാ തിരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ഥിയെ വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്ന തളങ്കര ജദീദ് റോഡ് വാര്‍ഡ് പുനര്‍വിഭജനത്തോടെ ഇല്ലാതായിട്ടുണ്ട്. ലീഗിന്റെ സ്വാധീനമേഖലയില്‍ ഒരു വാര്‍ഡ് ഇല്ലാതായപ്പോള്‍ ബി ജെ പിക്ക് കാര്യമായ സ്വാധീനമുള്ള മേഖലയില്‍ പുതിയൊരു വാര്‍ഡ് കിട്ടുകയും ചെയ്തു. ഒപ്പം പഴയ വിദ്യാനഗര്‍ വാര്‍ഡിനെ നോര്‍ത്തെന്നും സൗത്തെന്നും രണ്ടാക്കിയതും ബി ജെ പിക്ക് അനുകൂല ഘടകമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം നഗരസഭയില്‍ നടപ്പാക്കിയ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും കൂടുതല്‍ സീറ്റുകളില്‍ ജയിക്കുന്ന സാഹചര്യമുണ്ടാകുമെന്നും മുസ്‌ലീം ലീഗ് നേതൃത്വം പറയുന്നു. ചെയര്‍മാന്‍ അബ്ബാബ് ബീഗത്തിന്റെ ഭരണകാലത്താണ് നഗരം മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്ക്കരണത്തിനുമായി ചേലുള്ള ബജാറ്, പാങ്ങുള്ള ബജാറ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. ഇതിന് ജനങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയില്‍ ലീഗ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ഭരണസമിതി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.
തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച വി എം മുനീറും ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ നിന്ന് വിജയിച്ച അബ്ബാസ് ബീഗവുമായിരുന്നു ഈ രണ്ട് അധ്യക്ഷന്മാര്‍. ഇതില്‍ ആദ്യത്തെ അധ്യക്ഷന്‍ നിലവില്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്ത് പോലുമില്ല. ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചൊഴിയുകയായിരുന്നു. വാര്‍ഡ് പുനഃക്രമീകരണത്തിന് മുമ്പുണ്ടായിരുന്ന 24-ാം വാര്‍ഡായ തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് 123 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയാണ് വി എം മുനീര്‍ നഗര പിതാവിന്റെ കുപ്പായമണിയുന്നത്.
ആദ്യത്തെ മൂന്ന് വര്‍ഷം വി എം മുനീറിനെയും പിന്നീടുള്ള രണ്ട് വര്‍ഷം അബ്ബാസ് ബീഗത്തെയും ചെയര്‍മാനാക്കാനായിരുന്നു ലീഗിലെ ധാരണ. ഇതനുസരിച്ച് 2023 ഡിസംബറില്‍ വി എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. പിന്നീട് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിലെ കെ എം ഹനീഫ് തിരഞ്ഞെടുക്കപ്പെട്ടു. വി എം മുനീര്‍ രാജിവെച്ച ഒഴിവില്‍ 2024 ജനുവരി 31നാണ് അബ്ബാസ് ബീഗം ചെയര്‍മാനാകുന്നത്.
നിലവിലെ 38 അംഗ ഭരണസമിതിയില്‍ മുസ്‌ലിം ലീഗിന് 21 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്ക് 14 അംഗങ്ങളുമുണ്ട്. സി പി എമ്മിന് ഒന്നും സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റുകളാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തോടെ ഇത്തവണ രണ്ട് ഡിവിഷനുകള്‍ കൂട്ടി 40 ആയി ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് നഗരസഭയിലെ 20 വാര്‍ഡുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്രധാനപ്പെട്ട മൂന്ന് മുന്നണികളുടെയും ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. യു ഡി എഫ് 12 സ്ഥാനാര്‍ഥികളെയും എന്‍ ഡി എ 10 സ്ഥാനാര്‍ഥികളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യു ഡി എഫിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി കളം സജീവമാകുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറും.




