k a s rank list
കെ എ എസ്: സ്ട്രീം ഒന്നില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്
സ്ട്രീം ഒന്നില്‍ എസ് മാലിനിക്കും സ്ട്രീം രണ്ടില്‍ അഖില ചാക്കോക്കും സ്ട്രീം മൂന്നില്‍ വി അനൂപിനും ഒന്നാം റാങ്ക്

തിരുവനന്തപുരം | വലിയ പ്രതീക്ഷയോടെ യുവത്വം കാത്തിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ എ എസ് ) ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് നിയമനം. സ്ട്രീം ഒന്നില്‍ എസ് മാലിനിക്കാണ് ഒന്നാം റാങ്ക്, നന്ദന എസ് പിള്ള, ഗോപിക ഉദയന്‍, ആതിര എസ് വി, എം ഗൗതമന്‍ എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി. ഒന്നാം സ്ട്രീമില്‍ 122 പേരാണുള്ളത്.
സ്ട്രീം രണ്ടില്‍ അഖില ചാക്കോക്കാണ് ഒന്നാം റാങ്ക്. കെ ജി ജയകൃഷ്ണന്‍, എല്‍ പാര്‍വതി ചന്ദ്രന്‍, ലിബു എസ് ലോറന്‍സ്, ജോഷ്വോ ബെനറ്റ് ജോണ്‍ എന്നിവര്‍ക്കാണ് യാഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍.
സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക് വി അനൂപ് കുമാറിനാണ് . കെ അജീഷ്, പ്രമോദ് ജി വി, കെ കെ ചിത്രലേഖ, സനൂപ് എസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള റാങ്കുകള്‍.
മൂന്ന് സ്ട്രീമിലുമായി 35 വീതം ഒഴിവുകളാണുള്ളത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസം കഴിയുന്ന
കേരളപ്പിറവി ദിനത്തില്‍ ആദ്യത്തെ നിയമന ശിപാര്‍ശ നല്‍കാനാണ് തീരുമാനമെന്ന് പി എസ് സി ചെയര്‍മാന്‍ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു വര്‍ഷമാണ് റാങ്ക് ലിസ്റ്റ് കാലാവാധി. നവംബറില്‍ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കും. 18 മാസത്തെ പരിശീലനമാ് ലഭിക്കുക. മൂന്ന് വിഭാഗത്തിലായി 582 പേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നേരിട്ട് നിയമനമുള്ള ഒന്നാം കാറ്റഗറിയില്‍ 197 പേരാണ് ഇടംപിടിച്ചത്. ഇതില്‍ 68 പേര്‍ മെയിന്‍ ലിസ്റ്റിലും 129 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലുമാണുള്ളത്.
ഗസറ്റഡ് ഓഫീസര്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രണ്ടാം കാറ്റഗറിയില്‍ 189 പേരുടെയും( മെയിന്‍ ലിസ്റ്റ്-70, സപ്ലിമെന്ററി-119) ഗസറ്റഡ് ഓഫീസര്‍മാര്‍ക്കുള്ള മൂന്നാം കാറ്റഗറിയില്‍ 196 പേരുടെയും(മെയിന്‍ ലിസ്റ്റ്-71 , സപ്ലിമെന്ററി-125) പട്ടികയാണ് അഭിമുഖത്തിനായി പി എസ് സി പ്രസിദ്ധീകരിച്ചത്.