Connect with us

karuvannur bank case

കരുവന്നൂർ ബേങ്ക് തട്ടിപ്പ്: ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ സി പി എം ശ്രമം

ബേങ്കിലെ നിക്ഷേപകരായ പാർട്ടി അനുഭാവികളുടെ വീടുകളിലെത്തി നിക്ഷേപിച്ച തുക പലിശ സഹിതം തിരിച്ചു നൽകുമെന്നുള്ള ഉറപ്പ് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്

Published

|

Last Updated

തൃശൂർ | കരുവന്നൂർ സർവീസ് സഹകരണ ബേങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിനെ തുടർന്ന് സി പി എമ്മുമായി ഇടഞ്ഞുനിൽക്കുന്ന പ്രവർത്തകരെ അനുനയിപ്പിക്കാനും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാക്കാനും നേതൃത്വം ശ്രമം തുടങ്ങി. ബേങ്കിൽ നടന്ന വായ്പാ തട്ടിപ്പ് ജില്ലയിൽ സി പി എമ്മിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നേതൃത്വം കരുതുന്നു. ബേങ്കിലെ നിക്ഷേപകരായ പാർട്ടി അനുഭാവികളുടെ വീടുകളിലെത്തി നിക്ഷേപിച്ച തുക പലിശ സഹിതം തിരിച്ചു നൽകുമെന്നുള്ള ഉറപ്പ് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. പാർട്ടി പ്രതിനിധികൾ സ്ഥലത്തെ പ്രാദേശിക നേതാക്കളോടൊപ്പമാണ് അനുനയ ശ്രമങ്ങൾ നടത്തുന്നത്.

ബേങ്കിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പ് സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷമായ വിമർശമാണുയർത്തിയിരുന്നത്. സമ്മേളനങ്ങളിൽ പ്രവർത്തകർ സി പി എം ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പാർട്ടിയിലും ബേങ്കിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ കരുവന്നൂർ ബേങ്ക് തട്ടിപ്പ് ഇടയാക്കിയെന്നായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങളിലുണ്ടായ പ്രധാന ആക്ഷേപം. ലോക്കൽ സമ്മേളനങ്ങൾ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ഏരിയാ സമ്മേളനങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15 വരെ നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി ബേങ്ക് വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ബേങ്ക് പ്രവർത്തന മേഖലയിലെ പല സി പി എം അനുഭാവികളും പാർട്ടിയുമായി അകന്നു നിൽക്കുകയാണ്. നിക്ഷേപിച്ച തുക പലിശ സഹിതം തിരിച്ചുകിട്ടാതെ പാർട്ടിയുമായി സഹകരിച്ചു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് അവർ. ബേങ്ക് കടക്കെണിയിലാണെന്ന് അറിഞ്ഞ നേതാക്കൾ അവർക്ക് വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങൾ പൂർണമായും അപ്പോൾ തന്നെ പിൻവലിച്ചിരുന്നു. 2016 മുതൽ ബേങ്കിൽ നിന്ന് പിൻവലിച്ചത് 200 കോടി രൂപയുടെ നിക്ഷേപമാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും വേണ്ടപ്പെട്ടവരാണ് പണം പിൻവലിച്ചവരിൽ ഏറെയും.

സി പി എമ്മിന്റെ പ്രവർത്തനങ്ങളെയും പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തെയും മറ്റും ഈ അകൽച്ച സാരമായി ബാധിച്ചിരിക്കുകയാണ്. ബേങ്കിന്റെ പുനരുദ്ധാരണത്തിന് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും പറഞ്ഞാണ് സി പി എം നേതൃത്വം അണികളുടെ വിമർശത്തെ നേരിട്ടത്.

എന്നാൽ ഇത് സംബന്ധിച്ച നടപടികൾ അനിശ്ചിതമായി നീളുന്നതിൽ നിക്ഷേപകരായ പാർട്ടി അനുഭാവികൾ കടുത്ത അമർഷത്തിലാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാവുന്ന സാഹചര്യം ഒഴിവാക്കാനാണ് പാർട്ടി പ്രതിനിധികൾ അനുനയ നീക്കവുമായി രംഗത്തെത്തിയത്. ബേങ്കിൽ ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ 150 കോടി രൂപ ഉടൻ ലഭ്യമാക്കണമെന്നാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.

---- facebook comment plugin here -----

Latest