National
കന്‍വാര്‍: ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ തുടരും
വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി | കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനുള്ള സുപ്രീം കോടതി സ്റ്റേ തുടരും. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. തീര്‍ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. നിര്‍ദേശം എല്ലാ കടയുടമകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെന്നും വിവേചനത്തോടെയുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യു പി സര്‍ക്കാര്‍ വ്യക്തമാക്കി. കോടിക്കണക്കിന് തീര്‍ഥാടകരാണ് കാല്‍നടയായി യാത്ര ചെയ്യുന്നതെന്നും മതവികാരം വ്രണപ്പെട്ടാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ സംഘര്‍ഷത്തിന് വഴിതെളിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിനെതിരെ ടി എം സി എം പി. മഹുവ മൊയ്ത്രയും വിവിധ വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.