Kerala
സ്കൂൾ അവധി മാറ്റം ഉൾപ്പെടെ നിർദേശിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ; പഠിക്കാന്‍ കമ്മിറ്റിയെ വെക്കാമെന്ന് വിദ്യാഭ്യസ മന്ത്രി
സ്കൂൾ അവധി മേയ്, ജൂൺ മാസങ്ങളിലേക്ക് മാറ്റണമെന്നും വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷകൾ രണ്ടാക്കി ചുരുക്കണമെന്നും കാന്തപുരം

കോഴിക്കോട് | സ്‌കൂള്‍ വാർഷിക അവധി മാറ്റം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുമ്പാകെ നിർദേശിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ. നല്ല ചൂടുള്ള മേയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് കാന്തപുരം നിർദേശിച്ചു. സ്‌കൂള്‍ അവധി ചര്‍ച്ചയും സമയ മാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉറപ്പുനൽകി. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം കൊണ്ടുവന്നാലും ഉസ്താദ് അടക്കമുള്ളവരോട് കൂടി ആലോചിച്ചേ നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
കാരന്തൂര്‍ മര്‍കസില്‍ നടന്ന മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു കാന്തപുരം. ഉദ്ഘാടന പ്രസംഗത്തിലാണ് കാന്തപുരത്തിൻ്റെ ആവശ്യങ്ങളെ മന്ത്രി അനുഭാവപൂർവം പരിഗണിച്ചത്.
മാറ്റം വരുത്തിയാൽ ചൂട് വര്‍ധിച്ച കാലത്തും മഴ വര്‍ധിച്ച കാലത്തും കുട്ടികള്‍ക്ക് അവധി ലഭിക്കുമെന്നും എല്ലാം ആലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒക്കെ ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുന്നതിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമയം ചുരുക്കാന്‍ ഏറ്റവും നല്ലത്, വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷ രണ്ടാക്കി ചുരുക്കലാണ്. മറ്റ് പല സംസ്ഥാനങ്ങളിലുമുള്ളത് പോലെ ഇവിടെയും നടപ്പാക്കാം. അങ്ങനെ സമയം ലാഭിക്കാമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
മർകസിൽ മന്ത്രി ശിവൻ കുട്ടിയുമായി കാന്തപുരം ചർച്ച നടത്തി.