Connect with us

congress

കന്നഡ വിജയം: നേതാക്കളെ ഹനുമാന്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ്

ജയ് ബജ്‌റംഗ്ബലി എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍, നേതാക്കളെ ഹനുമാന്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രം അല്പ സമയം മുമ്പ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്.

ഇന്നലെ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുന്ന വേളയില്‍, കോണ്‍ഗ്രസ് ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജാഘു ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നിരുന്നു. കര്‍ണാടകയുടെ ഭൂപടത്തില്‍ നിന്ന് ബി ജെ പിയുടെ താമര ചിഹ്നം ഹനുമാന്‍ വാല് കൊണ്ട് തട്ടി നീക്കുന്നതും പകരം കൈപ്പത്തി ചിഹ്നം വരുന്നതുമായ ആനിമേഷന്‍ വീഡിയോയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ബംജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം ചൂണ്ടിക്കാട്ടി, ഇത് ഹനുമാന്‍ ഭക്തര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരാണെന്ന പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബി ജെ പി നടത്തിയത്. ഹനുമാന്‍ ഛാലിസയും മറ്റുമായിരുന്നു അവരുടെ പ്രചാരണ ആയുധം. ഹനുമാന്‍ ഭക്തരെന്ന വ്യാജേന അക്രമവും അന്യമതവിദ്വേഷവും വര്‍ഗീയതയുമാണ് ബജ്‌റംഗ് ദള്‍ നടത്താറുള്ളത്. പല കലാപങ്ങളും ഇവര്‍ നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് കര്‍ണാടക വാഗ്ദാനം ചെയ്തത്.

അതേസമയം, ബി ജെ പിയുടെ അതേ രീതിയില്‍ മത ചിഹ്നങ്ങളും വേഷഭൂഷാദികളും ദേവന്മാരെയും ആരാധനാമൂര്‍ത്തികളെയും കൊണ്ടാടുന്നത് മതേതര ചേരിയിലുള്ള കോണ്‍ഗ്രസിന് ഭൂഷണമാണോയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒരു സമുദായത്തിന്റെ ദേവന് നല്‍കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.

Latest