Connect with us

Eranakulam

ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി; ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി

വി കെ ഇബ്രാഹിം കുഞ്ഞിന്റെയും ടി എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ തമ്മില്ലാണ് തർക്കം

Published

|

Last Updated

കൊച്ചി | കൗണ്‍സില്‍ അംഗങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. എറണാകുളം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടക്കുന്ന ലീഗ് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. ഇതില്‍ വെച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം.

എന്നാല്‍, കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായതോടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനാകാതെ യോഗം പിരിഞ്ഞു.

കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ യോഗത്തില്‍ പങ്കെടുത്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാന ഭാരവാഹികളായ അഹമ്മദ് കുട്ടി ഉണ്ണികുളം, സി എച്ച് റഷീദ് എന്നിവരാണ് തിരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയത്. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന കൗണ്‍സില്‍ അഞ്ച് മണിക്കാണ് തുടങ്ങിയത്. പിന്നാലെ ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങി. തര്‍ക്കം രൂക്ഷമായതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.

ദ്വിദിന സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് വി കെ ഇബ്രാഹിം കുഞ്ഞിന്റെയും ടി എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാണക്കാട് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിൽ  പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശ്ശേരി മണ്ഡലം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാനിടയാക്കിയതും ഈ ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. ഇതിന്റെയെല്ലാം തുടർച്ചയാണ് ഇന്നലെ ജില്ലാ കൌൺസിലിൽ നടന്നതെന്നാണ് വിവരം.

Latest