Connect with us

k surendran

കെ സുരേന്ദ്രന്‍ അമിത് ഷായെ കണ്ടു; സഞ്ജിത്തിന്റെ കൊലപാതകം എന്‍ ഐ എയും കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് സി ബി ഐയും അന്വേഷിക്കണമെന്ന് ആവശ്യം

കേരളത്തില്‍ വളര്‍ന്നുവരുന്ന മത തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പ്രധാനമായും ഉണ്ടായതെന്നും മാധ്യമങ്ങളെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പാലക്കാട് മമ്പറത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും അതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നും അമിത് ഷാ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രന്‍ അറിയിച്ചു. കൊലപാതകത്തിന്റെ രീതിയിലും ആസൂത്രണത്തിലും തീവ്രവാദ ബന്ധം പ്രകടമാണ്. ചര്‍ച്ചയില്‍ കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ അറിയിച്ചു. കേരളത്തില്‍ വളര്‍ന്നുവരുന്ന മത തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പ്രധാനമായും ഉണ്ടായതെന്നും മാധ്യമങ്ങളെ അറിയിച്ചു.

അതിനിടെ, കേസില്‍ ഒരാള്‍ അറസ്റ്റിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് കൊല്ലപ്പെടുന്നത്. പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ബി ജെ പിയും ആര്‍ എസ് എസും ആരോപിച്ചിരുന്നു. കൊലപാതകം നടന്ന് എട്ടു ദിവസത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണം സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നിന്നും മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.