National
അവിശ്വാസ പ്രമേയത്തില്‍ തീര്‍പ്പാകും വരെ സ്പീക്കര്‍ കസേരയില്‍ ഓം ബിര്‍ള ഇരിക്കില്ല
വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി | സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിര്‍ള സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം, സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചക്കെടുക്കുകയും അവസാനിപ്പിക്കുകയും ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സര്‍ക്കാരോ പ്രതിപക്ഷമോ അഭ്യര്‍ഥിച്ചാലും തന്റെ നിലപാടില്‍ നിന്ന് പിന്മാറാന്‍ ഓം ബിര്‍ള തയ്യാറായേക്കില്ല. തന്റെ നിലപാട് ചൊവ്വാഴ്ച തന്നെ കണ്ട പ്രതിപക്ഷ അംഗങ്ങളേയും സര്‍ക്കാര്‍ പ്രതിനിധികളേയും അദ്ദേഹം അറിയിച്ചതായാണ് വിവരം.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്സഭയില്‍ ബഹളങ്ങള്‍ക്കിടയാക്കിയത്.ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി ഇന്ത്യാ മുന്നണി പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്.




