Connect with us

abudabi

ജോസ്ലിന്‍ ഹെന്‍ഡേഴ്‌സണ് അബൂദബിയുമായുള്ളത് മരണത്തിനും പിരിക്കാന്‍ കഴിയാത്ത ബന്ധം

ഒരുനൂറ്റാണ്ട് കാലം ജീവിച്ചശേഷം കഴിഞ്ഞദിവസം മരിച്ച ജോസ്ലിന്‍ ഹെന്‍ഡേഴ്‌സന്‍ എന്ന ബ്രിട്ടീഷ് വനിതയുമായി അബൂദബിക്ക് ഉള്ളത് അഭേദ്യമായ ബന്ധം

Published

|

Last Updated

അബൂദബി | ഒരുനൂറ്റാണ്ട് കാലം ജീവിച്ചശേഷം കഴിഞ്ഞദിവസം മരിച്ച ജോസ്ലിന്‍ ഹെന്‍ഡേഴ്‌സന്‍ എന്ന ബ്രിട്ടീഷ് വനിതയുമായി അബൂദബിക്ക് ഉള്ളത് അഭേദ്യമായ ബന്ധം. ബ്രിട്ടീഷ് നയതന്ത്രപ്രതിനിധി എഡ്വേഡ് ഹെന്‍ഡേഴ്‌സന്റെ പത്‌നി ആയാണ് ജോസ്ലിന്‍ അബൂദബിയിലെത്തുന്നത്. 1960ലാണ് ഇരുവരു വിവാഹിതരാവുന്നത്. എണ്ണക്കമ്പനിയിലും സൈന്യത്തിലും പ്രവര്‍ത്തിച്ച ശേഷം 1956ലാണ് എഡ്വേഡ് നയതന്ത്രപ്രതിനിധിയായി വിദേശത്തേക്കു പോവുന്നത്. ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലായിരുന്നു ആദ്യകാലത്ത് എഡ്വേഡിന്റെയും ജോസ്‌ലിന്റെയും ഇടത്താവളം. വിവാഹശേഷം ശേഷം എഡ്വേഡ് അബൂദബിയില്‍ ജോലിക്കെത്തി. ജോസ്‌ലിനും ഒപ്പമുണ്ടായിരുന്നു. ഒരുവര്‍ഷമായിരുന്നു അദ്ദേഹം ഇവിടെ തുടര്‍ന്നത്. എന്നാല്‍ യു എ ഇയുടെ സ്ഥാപകനായ ശൈഖ് സായിദ് അടക്കമുള്ള നേതാക്കളുമായും രാജ്യത്തിന്റെ സാംസ്‌കാരിക, പൈതൃകങ്ങളുമായും അദ്ദേഹം അതിവേഗം അടുപ്പത്തിലായി. സര്‍ വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ മകളും അഭിനേത്രിയുമായ സാറാ ചര്‍ച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും ബ്രിട്ടീഷ് സിനിമാ സംവിധായകരായ മൈക്കല്‍ പവലിന്റെയും എമറിക് പ്രസ് ബര്‍ഗറിന്റെയും സഹായികളായും പ്രവര്‍ത്തിച്ച ശേഷമാണ് ജോസ്‌ലിന്‍ വിവാഹത്തിലേക്ക് കടക്കുന്നത്.

അബൂദബിയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം ബ്രിട്ടനിലേക്കു മടങ്ങിയ ഹെന്‍ഡേഴ്‌സന്‍ 1976ല്‍ വീണ്ടും അബൂദബിയില്‍ മടങ്ങിയെത്തി. ശൈഖ് സായിദിന്റെ ക്ഷണപ്രകാരം കൊട്ടാരമായ ഖസര്‍ അല്‍ ഹോസനില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡോക്യുമെന്റേഷന്‍ ആന്റ് റിസര്‍ച്ച സ്ഥാപിക്കാനായി ഹെന്‍ഡേഴ്‌സന്‍ ചുമതലയേറ്റു. പിന്നീടുള്ള കാലം അബൂദബിയിലായിരുന്നു അവരിരുവരും ജീവിച്ചത്. നഗരം അതിവേഗം വളര്‍ന്നു. കൂടുതല്‍ പ്രവാസികള്‍ തൊഴിലുകള്‍ക്കായി അബൂദബിയിലേക്കു കടന്നുവന്നു. അവിടെ ഏറ്റവും പ്രായമുള്ള പ്രവാസിയായി ജോസ്‌ലിന്‍ സ്വസ്ഥജീവിതം നയിച്ചുവരികയായിരുന്നു. 1995ല്‍ ഹെന്‍ഡേഴ്‌സന്‍ അന്തരിച്ചു. 2014 വരെ ജോസ്‌ലിന്‍ സ്വകാര്യ ലൈബ്രറി നടത്തിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തന്റെ വില്ലയില്‍ വച്ച് ജോസ്‌ലിന്‍ നൂറാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക്ക് അവരെ സന്ദര്‍ശിച്ചിരുന്നു. 45 വര്‍ഷമാണ് അബൂദബി തന്റെ ഭവനമായി നിലകൊണ്ടതെന്നും ജോസ്‌ലിന്‍ അന്ന് പറയുകയുണ്ടായി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest