National
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; സുപ്രീംകോടതി
കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
		
      																					
              
              
            ന്യൂഡല്‍ഹി| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി. ഹരജിക്കാരുടെ വാദം സുപ്രീംകോടതി തള്ളി. പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം കോടതി ശരിവച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ലെന്നും കോടതി പറഞ്ഞു.
നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2024 സെപ്തംബര്‍ 30നുള്ളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കിയത്. യുദ്ധ സാഹചര്യത്തില്‍ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 1, 370 പ്രകാരം ജമ്മു കശ്മീരില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയെ സംയോജിപ്പിക്കാനാണ് വിഘടിപ്പിക്കാനല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കേന്ദ്ര സര്‍ക്കാരിന് ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

